കുവൈറ്റ് സിറ്റി: ആഗോള ജനാധിപത്യ സൂചിക അഥവാ വേള്‍ഡ് ഡെമോക്രസി ഇന്‍ഡക്സില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈറ്റിന് ഒന്നാം സ്ഥാനം. ബ്രിട്ടീഷ് ഇക്കണോമിസ്റ്റ് മാസികയുടെ ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് അടുത്തിടെ പുറത്തിറക്കിയ വേള്‍ഡ് ഡെമോക്രസി ഇന്‍ഡക്സ് 2022ലാണ് ഗള്‍ഫ് മേഖലയില്‍ കുവൈറ്റ് ഒന്നാം സ്ഥാനത്തെത്തിയത്. ബഹുസ്വരത, പൗരാവകാശങ്ങള്‍, രാഷ്ട്രീയ സംസ്കാരം തുടങ്ങി അഞ്ച് വിഭാഗങ്ങളിലായി 60 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഇവയില്‍ കവൈത്ത് ഉയര്‍ന്ന നിലവാരം പ്രകടിപ്പിച്ചതായി പട്ടിക സൂചിപ്പിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ കുവൈറ്റ്, അറബ് മേഖലയില്‍ നാലാം സ്ഥാനവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കിടയില്‍ അഞ്ചാം സ്ഥാനവും നേടി. അതേസമയം, ആഗോള അടിസ്ഥാനത്തില്‍ 110 സ്ഥാനത്തായിരുന്ന കുവൈത്ത് ഒരു സ്ഥാനം നഷ്ടപ്പെട്ട് 111-ാം സ്ഥാനത്തായതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ജനാധിപത്യത്തിന്റെ തോതും സ്വാതന്ത്ര്യവും മനുഷ്യാവകാശ സംരക്ഷണവും തെരഞ്ഞെടുപ്പ് രീതികളുമെല്ലാം കണക്കിലെടുത്താണ് ആഗോള ജനാധിപത്യ സൂചിക തയ്യാറാക്കുന്നത്.
167 രാജ്യങ്ങളില്‍ കുവൈത്ത് 111-ാം സ്ഥാനത്തും മിഡില്‍ ഈസ്റ്റില്‍ അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് നാലാം സ്ഥാനത്തുമാണ്. ടുണീഷ്യ അറബ് ലോകത്ത് ഒന്നാം സ്ഥാനവും മിഡില്‍ ഈസ്റ്റില്‍ രണ്ടാം സ്ഥാനവും നേടി. അറബ് ലോകത്ത് മൊറോക്കോ രണ്ടാം സ്ഥാനത്തും, പലസ്തീന് മൂന്നാം സ്ഥാനത്തും എത്തി. ഗള്‍ഫ് മേഖലയില്‍ കുവൈറ്റ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ഖത്തര്‍, ഒമാന്‍, യുഎഇ, ബഹ്റൈന്‍, സൗദി അറേബ്യ എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ സ്ഥാനം.
ആഗോളതലത്തില്‍, വേള്‍ഡ് ഡെമോക്രസി ഇന്‍ഡക്സില്‍ നോര്‍വേ ഒന്നാമതെത്തി. ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തും തുടര്‍ന്ന് അയര്‍ലന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്. റാങ്കിങ്ങില്‍ ഏറ്റവും പിറകില്‍ അഫ്ഗാനിസ്താനാണ്. തൊട്ടുമുകളില്‍ മ്യാന്മറും. 2022-ല്‍ ആഗോള സൂചികയുടെ ശരാശരി സ്കോര്‍ സ്തംഭനാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് പ്രസ്താവിച്ചു. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, സ്കോറില്‍ ഗണ്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
പലയിടങ്ങളിലും വ്യക്തിസ്വാതന്ത്ര്യം വീണ്ടെടുക്കാനായെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്ക്കുന്നതു കാരണം അത് സ്കോറില്‍ പ്രതിഫലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൂചിക കണക്കാക്കിയ പകുതിയിലധികം രാജ്യങ്ങളുടെയും സ്കോറുകള്‍ മാറ്റമില്ലാതെ തുടരുകയോ താഴേക്ക് പോവുകയോ ആണ് ചെയ്തത്. പടിഞ്ഞാറന്‍ യൂറോപ്പില്‍ മാത്രമാണ് ഗുണാത്മകമായ മാറ്റങ്ങള്‍ ദൃശ്യമായതെന്നും ഇക്കണോമിസ്റ്റ് മാസികയുടെ ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇവിടങ്ങളില്‍ മാത്രമാണ് ജനാധിപത്യ സൂചിക പ്രകാരമുള്ള സ്കോറുകള്‍ കോവിഡ് കാലത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരികെ എത്തിയത്.
അതേസമയം, ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് പേര് ഇപ്പോഴും സ്വേച്ഛാധിപത്യ ഭരണത്തിന് കീഴിലാണെന്ന് ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡെലിയ ഫെറേറ പറഞ്ഞു. അവരില്‍ പകുതിയില്‍ താഴെ മാത്രമാണ് ജനാധിപത്യത്തിനു കീഴില്‍ ജീവിക്കുന്നത്. ജനാധിപത്യത്തിന്റെ തകര്‍ച്ചയും അഴിമതിയും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നതായും വേള്‍ഡ് ഡെമോക്രസി ഇന്‍ഡക്സ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കവെ, അവര്‍ അഭിപ്രായപ്പെട്ടു.