കുവൈറ്റ് സിറ്റി: വിശുദ്ധ റമദാനില്‍ കുവൈറ്റില്‍ ചില ജീവനക്കാര്‍ക്ക് പ്രതിദിന തൊഴില്‍ സമയദൈര്‍ഘ്യം നാല് മണിക്കൂറായി നിജപ്പെടുത്തി. വ്രതാനുഷ്ടാനം കണക്കിലെടുത്താണ് ജോലി സമയം വെട്ടിക്കുറച്ചത്.
സ്ത്രീകള്‍ക്ക് ജോലി സമയം നാല് മണിക്കൂറായി പ്രഖ്യാപിച്ചതിന് പുറമേ 15 മിനിറ്റ് വീതമുള്ള രണ്ട് ഗ്രേസ് പിരീഡുകളും അനുവദിച്ചു. ജോലിയില്‍ പ്രവേശിക്കുന്നത് 15 മിനിറ്റ് വൈകുന്നതിനും 15 മിനിറ്റ് നേരത്തേ ജോലി അവസാനിപ്പിക്കുന്നതിനും ഗ്രേസ് പിരീഡ് ഉപയോഗപ്പെടുത്താം.
പുരുഷന്മാര്‍ക്ക്, ജോലി സമയം നാല് മണിക്കൂറും 15 മിനിറ്റും ആയിരിക്കും. രാവിലെ 15 മിനിറ്റ് ഗ്രേസ് പിരീഡ് ലഭിക്കും. 2023ലെ ജീവനക്കാരുടെ പ്രകടന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ സിവില്‍ സര്‍വീസ് കമ്മീഷനിലെ (സിഎസ്സി) സാമ്പത്തിക, ഭരണകാര്യ വിഭാഗമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അല്‍അന്‍ബ ദിനപത്രത്തെ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
സിവില്‍ സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ച പ്രവൃത്തി സമയം കണക്കിലെടുത്ത് അനുയോജ്യമായ ജോലി സമയവും ഷിഫ്റ്റുകളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ സര്‍ക്കാര്‍ ഏജന്‍സിക്കും ഉണ്ട്. മുഴുവന്‍ ജീവനക്കാര്‍ക്കും രാവിലെ 15 മിനിറ്റ് ഗ്രേസ് പിരീഡ് ഉണ്ട്. കൃത്യസമയത്ത് എത്തുന്നവര്‍ക്ക് 15 മിനിറ്റ് നേരത്തെ ജോലി അവസാനിപ്പിച്ച് മടങ്ങാന്‍ സാധിക്കും.
റമദാനില്‍, ജീവനക്കാര്‍ക്ക് ഭാഗിക അവധി പരാമവധി രണ്ട് മണിക്കൂറും കുറഞ്ഞത് ഒരു മണിക്കൂറും ആയിരിക്കും. റമദാനില്‍ അര്‍ഹരായ ജീവനക്കാര്‍ക്കെല്ലാം തൊഴില്‍ പ്രകടന ബോണസും ലഭിക്കുമെന്ന് സാമ്പത്തിക, ഭരണകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി സലാ ഖാലിദ് അല്‍ സഖാബി പറഞ്ഞു.
2023/2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ബോണസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഏപ്രില്‍ ഒന്നിന് പുതിയ ബജറ്റ് വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് പ്രകടന-മൂല്യനിര്‍ണയ അവലോകനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അല്‍-സഖാബി കൂട്ടിച്ചേര്‍ത്തു.