Gulf

സൗദിയില്‍ ആദ്യമായി വനിതാ ഫുട്‌ബോള്‍ ലീഗ് വരുന്നു; 16 ക്ലബ്ബുകള്‍. നേതൃത്വം ദേശീയ ഫെഡറേഷന്

Published

on

റിയാദ്: രാജ്യത്ത് ആദ്യമായി വനിതാ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കാന്‍ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സാഫ്) തീരുമാനിച്ചു. 16 ക്ലബ്ബുകള്‍ പങ്കെടുക്കുന്ന സൗദി ഫെഡറേഷന്‍ വനിതാ കപ്പിന്റെ ആദ്യ പതിപ്പ് നവംബറില്‍ ആരംഭിക്കും.

സാഫ് വിമന്‍സ് കപ്പിലെ ചാമ്പ്യന്‍ ക്ലബ്ബിന് 7.50 ലക്ഷം സൗദി റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം റിയാലും മൂന്നാമതെത്തുന്നവര്‍ക്ക് രണ്ടു ലക്ഷം റിയാലുമാണ് സമ്മാനം. എട്ട് ടീമുകള്‍ വീതമുള്ള ക്ലബ്ബുകളായി തിരിച്ച് രണ്ട് ലെവലുകളായാണ് ലീഗ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ സീസണിലെ സ്ഥാനങ്ങള്‍ക്കനുസരിച്ച് ഓരോ ലെവലിലും എട്ട് ടീമുകള്‍ വീതമുള്ള ക്ലബ്ബുകളെ രണ്ട് ലെവലുകളായി വിഭജിക്കും.

ആദ്യ ലെവലില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളാണ് ഉള്‍പ്പെടുക. അല്‍നാസര്‍, അല്‍ഹിലാല്‍, അല്‍ഷബാബ്, അല്‍ഇത്തിഹാദ്, അല്‍അഹ്‌ലി, ഷൗലത്ത് അല്‍ഷര്‍ഖിയ, റിയാദ്, അല്‍ഖദ്‌സിയ എന്നിവയാണിവ. രണ്ടാം ലെവലില്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബുകള്‍ ഉള്‍പ്പെടുന്നു. അല്‍ബൈരാഗ്, ജിദ്ദ, നജ്മത്ത് ജിദ്ദ, ഇത്തിഹാദ് അല്‍ നുസൂര്‍, അല്‍ഹിമ്മ, സുഖൂര്‍ അല്‍ഗര്‍ബിയ, സഹം, അല്‍അമല്‍ എന്നിവയാണ് ഒന്നാം ഡിവിഷന്‍ ക്ലബ്ബുകള്‍.

വിമന്‍സ് കപ്പ് ആരംഭിക്കാനുള്ള സൗദി ഫെഡറേഷന്‍ തീരുമാനം വനിതാ ഫുട്‌ബോള്‍ വികസന പദ്ധതികളിലെ സുപ്രധാന ചുവടുവയ്പാണെന്ന് വനിതാ ഫുട്‌ബോള്‍ വകുപ്പ് ഡയറക്ടര്‍ ആലിയ അല്‍ റഷീദ് അഭിപ്രായപ്പെട്ടു.

2018 ജനുവരിയിലാണ് സൗദി വനിതകള്‍ക്ക് ആദ്യമായി ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ മല്‍സരങ്ങള്‍ കാണാന്‍ അനുമതി നല്‍കിയത്. അതേ വര്‍ഷം തന്നെ വനിതകള്‍ക്ക് വാഹനമോടിക്കാനും അനുവാദം നല്‍കി. 2022 ഫെബ്രുവരിയില്‍, സൗദി വനിതാ ഫുട്‌ബോള്‍ ടീം ആദ്യ ഔദ്യോഗിക മത്സരത്തില്‍ സെയ്‌ഷെല്‍സിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ചരിത്ര വിജയം കുറിച്ചിരുന്നു.

2026 ലെ ഏഷ്യന്‍ കപ്പ് വനിതാ ഫുട്‌ബോള്‍ സംഘടിപ്പിക്കാന്‍ 2022 ഓഗസ്റ്റില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ ആഗ്രഹം പ്രകടിപ്പിച്ചത് ഈ വലിയ ചുവടുവയ്പായി വിലയിരുത്തപ്പെട്ടിരുന്നു. പുരുഷന്മാര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന തൊഴിലുകള്‍ ചെയ്യാന്‍ അനുമതി നല്‍കിയും സ്വകാര്യ മേഖലയില്‍ സ്വദേശി വനിതാവല്‍ക്കരണം നടപ്പാക്കിയും സ്ത്രീ ശാക്തീകരണ രംഗത്തെ ശ്രദ്ധേയ പരിഷ്‌കാരങ്ങളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയുടെ നയരൂപീകരണ സമിതിയായ ശൂറ കൗണ്‍സിലില്‍ 30 വനിതകളെ നിയമിച്ച് അബ്ദുല്ല രാജാവാണ് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. 20 ശതമാനമാണ് വനിതാസംവരണം.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version