ദോഹ: പല കാര്യങ്ങളിലുമെന്ന പോലെ സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ മുന്‍ നിരയിലെത്തിയിരിക്കുകയാണ് ഖത്തര്‍. ആഗോളതലത്തിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ സ്ഥാപനങ്ങളില്‍ അഞ്ചെണ്ണവും ഖത്തറിലേതാണെന്ന് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സര്‍വേ.
പ്രമുഖ ഗവേഷണ, പരിശീലന, കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളിലൊന്നായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്, 60 രാജ്യങ്ങളിലെ കമ്പനികളില്‍ നടത്തിയ സര്‍വേയിലാണ് ഖത്തറിന് അഭിമാനിക്കാവുന്ന ഈ നേട്ടം കൈവരിക്കാനായത്. വനിതകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും മികച്ച ലോകത്തെ 50 സ്ഥാപനങ്ങളെ സര്‍വേയിലൂടെ കണ്ടെത്തിയപ്പോള്‍ അതില്‍ അഞ്ചെണ്ണം ഖത്തറിലേതായിരുന്നു.
അല്‍ മന റെസ്റ്റോറന്റ്‌സ് ഉടമസ്ഥതയിലുള്ള മക്ഡൊണാള്‍ഡ്‌സ്, ഫുഡ് കോ ഡബ്ല്യുഎല്‍എല്‍, ഷിഫ്റ്റ് ഡബ്ല്യുഎല്‍എല്‍, യുഎം ഖത്തര്‍, ലെഷാ ബാങ്ക് എന്നിവയാണ് സ്ത്രീകള്‍ക്ക് ഏറ്റവും മികച്ച തൊഴില്‍ അന്തരീക്ഷമുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ‘വനിതാക്കള്‍ക്കായുള്ള മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ സ്ഥാപനം പിടിച്ച ഖത്തറിലെ കമ്പനികള്‍ക്ക് അഭിനന്ദനങ്ങള്‍. വനിതാ ജീവനക്കാരുടെ സംഭാവനകളെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഖത്തരി സംസ്‌കാരത്തിന്റെ നിദര്‍ശനമാണ് ഈ അംഗീകാരം,’- ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് മിഡില്‍ ഈസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ജൂള്‍സ് യൂസഫ് പറഞ്ഞു.
ജിസിസി രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ വനിതാ സൗഹൃദ സ്ഥാപനങ്ങളെന്ന രീതിയില്‍ ബഹുദൂരം മുന്നിലെത്തിയതായും സര്‍വേ ഫലം വ്യക്തമാക്കി. വനിതകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ നല്‍കുക, അവരുടെ തൊഴില്‍ മേഖലകളില്‍ വളര്‍ച്ച കൈവരിക്കാനുള്ള അവസരങ്ങള്‍ ഒരുക്കി നല്‍കുക, സുരക്ഷിതവും ആനന്ദകരവുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളെ ആധാരമാക്കിയായിരുന്നു തെരഞ്ഞെടുപ്പ്. ഈ കാര്യങ്ങളില്‍ ഖത്തറിലെ കമ്പനികള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും സര്‍വേ ഫലം വ്യക്തമാക്കി.