Sports

ഛേത്രിയില്ലാതെ വിജയത്തുടര്‍ച്ചയ്ക്ക് ഇന്ത്യ ഇന്നിറങ്ങും; കിങ്സ് കപ്പില്‍ എതിരാളികള്‍ ഇറാഖ്

Published

on

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ നടക്കുന്ന കിങ്സ് കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ഇന്ന് ആദ്യ മത്സരം. നായകന്‍ സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങുന്ന മത്സരത്തില്‍ ഇറാഖിനെയാണ് ബ്ലൂ ടൈഗേഴ്‌സ് നേരിടുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് നാലിനാണ് ഇന്ത്യ-ഇറാഖ് മത്സരം. ഇന്ന് രാത്രി ഏഴിന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരായ തായ്‌ലന്‍ഡ് ലെബനനെ നേരിടും. ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.

ഈ വര്‍ഷത്തെ മൂന്ന് ടൂര്‍ണമെന്റുകളും വിജയിച്ചാണ് ഇന്ത്യന്‍ സംഘത്തിന്റെ വരവ്. ത്രിരാഷ്ട്ര ടൂര്‍ണമെന്റ്, ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്, സാഫ് കപ്പ് എന്നിവയില്‍ ജേതാക്കളാണ് ഇന്ത്യ. തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങള്‍ തോല്‍വിയറിയാതെയാണ് ഇന്ത്യ എത്തുന്നത്. ഈ വിജയങ്ങള്‍ ഇന്ത്യയെ ഫിഫ റാങ്കിംഗില്‍ 99-ാം സ്ഥാനത്തേക്ക് ഉയര്‍ത്തിയിരുന്നു. എങ്കിലും ഫിഫ റാങ്കിംഗില്‍ 70-ാം സ്ഥാനക്കാരായ ഇറാഖിനെതിരെ സമനില പിടിക്കണമെങ്കില്‍ പോലും ഇന്ത്യ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ട്. ഗോള്‍ മെഷീനായ സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങുന്ന ഇന്ത്യയ്ക്ക് നോക്കൗട്ട് മത്സരത്തില്‍ മറ്റുതാരങ്ങളുടെ പ്രകടനം നിര്‍ണായകമാണ്.

മൂന്ന് മലയാളികളാണ് ഇന്ത്യന്‍ ടീമിലുള്ളത്. മധ്യനിരയില്‍ ആഷിഖ് കുരുണിയനും സഹല്‍ അബ്ദുള്‍ സമദും മുന്നേറ്റനിരയില്‍ കെ പി രാഹുലുമാണ് നീലപ്പടയിലെ മലയാളി സാന്നിധ്യം. കളത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായിരിക്കും പരമാവധി ശ്രമിക്കുകയെന്ന് ഇന്ത്യന്‍ ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാക് അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള മുന്നൊരുക്കമായിട്ടാണ് കിങ്സ് കപ്പിനെ ടീം ഇന്ത്യ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version