ന്യൂയോർക്ക്: ഇന്റർ മയാമി കുപ്പായത്തിൽ അവിസ്മരണീയ അരങ്ങേറ്റം കുറിച്ച് സൂപ്പർതാരം ലയണൽ മെസി. 54-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി നിർണായക ഗോളുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു മെസി. മത്സരത്തിൽ സെർജിയോ ബുസ്കറ്റ്സും മയാമിക്കായി അരങ്ങേറി. മേജർ ലീഗ് സോക്കറിൽ മെസിയുടെ ഗോളിൽ ക്രൂസ് അസൂളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഇന്റർ മയാമി ജയം.
44-ാം മിനിറ്റിൽ റോബർട്ട് ടൈലർ നേടിയ ഏക ഗോളിന്റെ ബലത്തിൽ വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് കോച്ച് ജെറാർഡോ മാർട്ടിനോ മെസിയെ വിളിച്ചത്. ഗാലറിയിൽനിന്ന് കാതടിപ്പിക്കുന്ന ആരവം. മധ്യനിര താരം ബെഞ്ചമിൻ ക്രെമാസ്ചിക്കു പകരക്കാരനായായിരുന്നു സൂപ്പർ താരം കളത്തിലിറങ്ങിയത്. തൊട്ടുപിറകെ ഡേവിഡ് റൂയിസിനു പകരം സെർജിയോ ബുസ്കറ്റ്സിനും അരങ്ങേറ്റും.
മെസിയും ബുസ്കെറ്റ്സും കളത്തിലിറങ്ങിയതോടെ മയാമിയുടെ കളിയും മാറി. മയാമി നിരയും കൂടുതൽ ഉണർന്നു. ക്രൂസ് അസൂൾ പ്രതിരോധ നിരയെ വെട്ടിച്ചുകടന്ന് പലവട്ടം മെസി പലവട്ടം ബോക്സിനകത്തേക്കു കുതിച്ചു. അപ്പോഴെല്ലാം വൻ ആരവമാണ് ഗാലറിയിൽനിന്നു മുഴങ്ങിയത്.
61-ാം മിനിറ്റിൽ മയാമിക്ക് ഫ്രീകിക്ക്. കിക്കെടുത്തത് മെസി. പകരക്കാരനായി കളത്തിലിറങ്ങിയ ജോസെഫ് മാർട്ടിനെസിന് പന്ത് തട്ടിക്കൊടുത്തെങ്കിലും അസൂൾ കീപ്പർ ഗുഡിനോ അതു തട്ടിയകറ്റി. പിന്നീട് ബുസ്കറ്റ്സിനെ മധ്യനിരയിലും ജോസെഫ് മാർട്ടിനെസിനെ മുന്നേറ്റത്തിലും നിർത്തി മെസി കളി മെനഞ്ഞു.
എന്നാൽ, 65-ാം മിനിറ്റിൽ ഗോൾ മടക്കി ക്രൂസ് അസൂൾ മത്സരത്തിലേക്ക് തിരിച്ചെത്തി. ഡ്യൂനെസിന്റെ അസിസ്റ്റിൽ യുറിയേൽ അപ്പൂനയാണ് ടീമിന്റെ ആദ്യഗോൾ വലയിലാക്കിയത്. അധികം വൈകിയില്ല. മെസിക്ക് ആദ്യ ഗോളവസരം തുറന്നു. ആരാധകർ കാത്തിരുന്ന നിമിഷം. ബുസ്കറ്റ്സ് നീട്ടിനൽകിയ പാസ് അസൂൾ ബോക്സിന്റെ തൊട്ടരികെനിന്നു സ്വീകരിച്ച് ഗോൾവലയിലേക്ക് പറത്താൻ മെസിയുടെ നീക്കം പക്ഷെ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഗോൾകീപ്പർക്ക് പന്ത് അനായാസം കൈയിലാക്കുകയും ചെയ്തു.
പിന്നീട് പലതവണ അസൂൾ ബോക്സിനകത്ത് മെസി ഭീതി വിതച്ചെങ്കിലും ഒന്നും ഗോളായില്ല. ഒടുവിൽ ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയ മത്സരത്തിന്റെ അവസാന നിമിഷം രക്ഷകനായി മിശിഹാ അവതരിച്ചു. 94-ാം മിനിറ്റിൽ തുറന്നുകിട്ടിയ ഫ്രീകിക്ക് അവസരം അതിമനോഹരമായി മെസി വലയിലാക്കി. പ്രതിരോധക്കോട്ടയ്ക്കു മുകളിലൂടെ ക്രൂസ് അസൂൾ വലയുടെ മോന്തായത്തിലേക്ക് തൊടുത്ത കിടിലൻ ഷൂട്ട്.. ഇന്റർ മയാമി-2, ക്രൂസ് അസൂൾ-1.
https://twitter.com/brfootball/status/1682574577530990592?s=20