അഡ്‌ലെയ്ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും പിടിച്ചെടുത്ത് ഓസ്‌ട്രേലിയ. രണ്ടാം ടി20 മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെയാണ് ഓസ്‌ട്രേലിയ പരമ്പര ഉറപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിന് മുന്നിലെത്തി. നേരത്തെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരാനും കംഗാരുപ്പടയ്ക്ക് സാധിച്ചിരുന്നു.
അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടി20യില്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തില്‍ 34 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്.