സർക്കാർ ജീവനക്കാർക്കിടയിലെ സജീവ ചർച്ച വിഷയങ്ങളിലൊന്നാണ് പെൻഷൻ. സമീപകാലയളവിൽ ചില സംസ്ഥാന സർക്കാരുകൾ പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് (
OPS) പിൻമാറിയതോടെ പുതിയ പെൻഷൻ സ്കീം (NPS) പുതുക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഉറപ്പുള്ള പ്രതിമാസ പെൻഷൻ തുക ലഭിക്കുന്നവിധം പുതിയ പെൻഷൻ സമ്പ്രദായം പരിഷ്കരിക്കുന്ന വിഷയം കേന്ദ്രസർക്കാർ ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഇതിനിടെയാണ് ചുരുങ്ങിയ പെൻഷൻ/ കുടുംബ പെൻഷൻ തുക ഉയർത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന ചോദ്യവുമായി ബിജെപി എംപി രംഗത്തെത്തിയത്. എന്നാൽ ചുരുങ്ങിയ പ്രതിമാസ പെൻഷൻ തുക 9,000 രൂപയാണെന്നും ഇതു ഉയർത്താനുള്ള നിർദേശങ്ങളൊന്നും നിലവിലില്ലെന്നും എഴുതി നൽകിയ മറുപടിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) വ്യക്തമാക്കി.
ബെംഗളുരു സൗത്ത് പാർലമെന്റ് മണ്ഡലം എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യ സമർപ്പിച്ച ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതല വഹിക്കുന്ന സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് ലോക്സഭയിൽ മറുപടി നൽകിയത്. എന്നാൽ കേന്ദ്ര സർക്കാർ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും കാലകാലങ്ങളിൽ പരിഷ്കരിക്കുന്ന ക്ഷാമബത്തയുടെ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഇതിനോടൊപ്പം 2022-23 കാലയളവിൽ ഓരോ വകുപ്പുകൾക്കുമായി പെൻഷൻ ഇനത്തിൽ ചെലവിട്ട തുകയുടെ കണക്കുകളും മന്ത്രി പങ്കുവെച്ചു.
പെൻഷൻ കണക്ക്
നിലവിൽ 7.8 ലക്ഷത്തിലധികം സിവിൽ പെൻഷൻകാരും 3.6 ലക്ഷത്തിലധികം സിവിൽ കുടുംബ പെൻഷൻകാരും രാജ്യത്തുണ്ടെന്ന് സർക്കാർ രേഖകളിൽ പറയുന്നു. ഇവർക്കു വേണ്ടി 2022-23 കാലയളവിൽ 40,811 കോടിയാണ് കേന്ദ്രസർക്കാർ ചെലവഴിച്ചത്. പ്രതിരോധ വകുപ്പിൽ സിവിൽ പെൻഷൻകാർ 23.31 ലക്ഷവും ഫാമിലി പെൻഷൻകാർ 8.3 ലക്ഷവുമാണുള്ളത്. ഇവർക്കു വേണ്ടി മൊത്തം 1.25 ലക്ഷം കോടി രൂപ ചെലവഴിച്ചു. ടെലികോം വിഭാഗത്തിൽ പെൻഷൻകാർ 3.17 ലക്ഷവും കുടുംബ പെൻഷൻകാർ 1.2 ലക്ഷവുമാണ്. ഇവർക്കായി 12,448 കോടി ചെലവിട്ടു.
സമാനമായി റെയിൽവേയിൽ പെൻഷൻകാർ 8.56 ലക്ഷവും ഫാമിലി പെൻഷൻ കൈപ്പറ്റുന്നവർ 6.69 ലക്ഷവുമാണുള്ളത്. ഇവർക്കു വേണ്ടി 55,034 കോടി രൂപ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തു. അതുപോലെ പോസ്റ്റ് ഓഫീസ് മേഖലയിൽ നിന്നും 1.85 ലക്ഷം പെൻഷൻകാരും 1.06 ലക്ഷം ഫാമിലി പെൻഷൻകാരുമുണ്ട്. ഇവർക്കായി 8,215 കോടി രൂപയും ചെലവഴിച്ചു. അതായത്, എല്ലാ പെൻഷൻകാർക്കുമായി 2022-23 കാലയളവിൽ മൊത്തം 2.41 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിച്ചതെന്ന് സാരം.