ലിസ്ബൺ: യൂറോ കപ്പ് കിക്കോഫിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പല ടീമുകളും ഇതിനകം തന്നെ തങ്ങളുടെ സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഏറെ കിരീട പ്രതീക്ഷയുള്ള പോർച്ചുഗൽ നാളെ അയർലാൻഡുമായുള്ള അവസാന സൗഹൃദ മത്സരത്തിനിറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട പോർച്ചുഗൽ ഈ മത്സരത്തിൽ ശക്തമായി തിരിച്ചു വന്ന് ആത്‌മവിശ്വാസം വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്.
അയർലാൻഡിനെതിരെ സൂപ്പർ താരം ക്രിസ്റ്റാനോ റൊണാൾഡോ പോർചുഗലിനായി കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ക്രൊയേഷ്യക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റാനോ കളിച്ചിരുന്നില്ല. എന്നാൽ അയർലാൻഡിനെതിരെയുള്ള നിർണ്ണായക മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് പോർച്ചുഗീസ് മാനേജർ.
‘റൊണാൾഡോ നാളെ കളിക്കും, എത്ര നേരമെന്ന് ഇപ്പോൾ പറയാനാവില്ല. ക്രിസ്റ്റാനോയ്ക്ക് യൂറോകപ്പ് മത്സരങ്ങൾക്ക് മുന്നേ വിശ്രമം ആവശ്യമാണ്’ റോബർട്ടോ മാർട്ടിനസ് പറഞ്ഞു. അതെ സമയം തന്റെ കരിയറിലെ ആറാമത്തെ യൂറോകപ്പിനാണ് റൊണാൾഡോ തയ്യാറെടുക്കുന്നത്. ജൂൺ 19 നാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. ചെക്ക് റിപ്ലബിക്കാണ് പറങ്കിപടയുടെ ഈ യൂറോകപ്പിലെ ആദ്യ മത്സരത്തിലെ എതിരാളികൾ.