ബെയ്ജിംഗ്: അടുത്ത ലോകകപ്പിൽ കളിക്കില്ലെന്ന് അർജൻറീനൻ സൂപ്പർ താരം ലയണൽ മെസി. 2026ൽ യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന അടുത്ത ലോകകപ്പിൽ കളിക്കില്ലെന്ന് ചൈനീസ് മാധ്യമമായ ടൈറ്റൻ സ്പോർട്സിനോടാണ് താരം വെളിപ്പെടുത്തിയത്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നുവെന്നും ലോകകിരീടം നേടിയത് തന്റെ കരിയറിലെ ഏറ്റവും 1 വലിയ നേട്ടമാണെന്നും മെസി പറഞ്ഞു. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ മെസി തന്റെ കരിയറിലെ ആദ്യ ലോകകപ്പ് കിരീടം അർജൻറീനൻ പടയ്ക്കൊപ്പം സ്വന്തമാക്കിയിരുന്നു.
ജൂൺ 15ന് ആസ്ത്രേലിയക്കെതിരെയുള്ള മത്സരത്തിനായി അർജൻറീനൻ ദേശീയ ടീമിനൊപ്പം നിലവിൽ ബീജിംഗിലാണ് മെസിയുള്ളത്. ഇതിനിടയിലാണ് ചൈനീസ് ചാനലുമായി താരം സംസാരിച്ചത്. ‘ഞാൻ മുമ്പ് പറഞ്ഞത് പോലെ അടുത്ത ലോകകപ്പിൽ പങ്കെടുക്കുമെന്ന് ഞാൻ കരുതുന്നില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ മനസ്സ് ഞാൻ മാറ്റി. ഞാനവിടെ കാണാനായുണ്ടാകും, പക്ഷേ കളിക്കാനുണ്ടാകില്ല’ മെസി പറഞ്ഞു.
‘എനിക്ക് കിട്ടാതിരുന്ന ലോകകിരീടം നേടിയതോടെ, ഞാനെന്റെ കരിയറിൽ സംതൃപ്തനും നന്ദിയുള്ളവനുമാണ്, അതാണ് എനിക്കേറെ പ്രധാനപ്പെട്ടത്. ഞാനെന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞുവെന്നാണ് കരുതുന്നത്’. മെസി വ്യക്തമാക്കി.
താൻ അർജൻറീനയുടെ ദേശീയ ടീമിനായി കളിക്കുന്നത് അവസാനിപ്പിക്കുന്നില്ലെന്ന് ഖത്തറിൽ ലോകകിരീടം നേടിയ ശേഷം മെസി പറഞ്ഞിരുന്നു. 2006, 2010, 2014, 2018 ലോകകപ്പുകളിൽ മെസി പങ്കെടുത്തെങ്കിലും ടീമിന് കിരീടം നേടാനായിരുന്നില്ല. ഒടുവിൽ ഖത്തറിൽ ആ സ്വപ്നം നേടുകയായിരുന്നു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസി നേടിയപ്പോൾ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് അവാർഡ് കിലിയൻ എംബാപ്പെക്കാണ് ലഭിച്ചത്. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളാണ് താരം നേടിയത്. എന്നാൽ ഏഴു ഗോളാണ് അർജൻറീനൻ നായകൻ അടിച്ചത്.
അതേസമയം, ക്ലബ് ഫുട്ബോളിൽ പി.എസ്.ജി വിട്ട ശേഷം യു.എസ് ഫുട്ബോൾ ലീഗിലേക്ക് തട്ടകം മാറ്റുകയാണെന്ന് മെസി പ്രഖ്യാപിച്ചിരിക്കുകയാണ്. മേജർ ലീഗ് സോക്കർ(എം.എൽ.എസ്) ക്ലബായ ഇൻറർ മയാമിയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.
ഇന്റർ മയാമിയുമായുള്ള കരാറിന്റെ വിശദവിവരങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. മെസിയുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് യു.എസ് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. നാലു വർഷത്തേക്കുള്ള ഓഫറാണ് മയാമി മുന്നോട്ടുവച്ചതെങ്കിലും രണ്ടു വർഷത്തേക്കുള്ള കരാറിലാണ് താരം ഒപ്പുവച്ചിരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ ‘സ്പോർട്.ഇഎസ്’ റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ ലോണിൽ താരം ബാഴ്സയിലെത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
പിന്നീട് ഇൻറർ മയാമിയിലേക്ക് തന്നെ തിരിച്ചെത്തി അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. 2026 ലോകകപ്പിന്റെ സഹ ആതിഥേയരാജ്യമായതുകൂടി യു.എസ് ലീഗിലേക്ക് കൂടുമാറാനുള്ള മെസിയുടെ തീരുമാനത്തിനിടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരു സീസണിന് 54 മില്യൻ യു.എസ് ഡോളർ(ഏകദേശം 445 കോടി രൂപ) ലഭിക്കുമെന്നാണ് സ്പാനിഷ് സ്പോർട്സ് ദിനപത്രമായ ‘ഡിയറിയോ എ.എസ്’ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുപുറമെ മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. എം.എൽ.എസിന്റെ പ്രധാന പങ്കാളികളായ അഡിഡാസും ആപ്പിളുമായുള്ള കരാറുകളും ഇതിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അർജന്റീനയുടെ ലോകകപ്പ് വിജയം വരെയുള്ള മെസിയുടെ കായികജീവിതം അടിസ്ഥാനമാക്കി ഡോക്യുമെന്ററി പുറത്തിറക്കുമെന്ന് ഇന്നലെ ആപ്പിൾ പ്രഖ്യാപിച്ചിരുന്നു.
ഇതോടൊപ്പം ഇൻറർ മയാമിയുടെ ഓഹരിയും മെസിക്ക് ലഭിക്കുമെന്ന് യു.എസ് മാധ്യമമായ ‘സ്പോർട്ടിങ് ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. മെസി ഇന്റർ മയാമിയെലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതു തൊട്ടുതന്നെ താരത്തിന് ക്ലബ് ഓഹരിയും ലഭിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 35 ശതമാനം ഓഹരിയാണ് ഓഫറിലുള്ളതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ, 2007ൽ ഡേവിഡ് ബെക്കാമിനു നൽകിയതുപോലെ മേജർ ലീഗ് സോക്കർ ഒരു ക്ലബിന്റെ സഹ ഉടമസ്ഥാവകാശം മെസിക്കും നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
2021ൽ കരാർ നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് മെസി ബാഴ്സലോണ വിട്ട് പി.എസ്.ജിയിലെത്തുന്നത്. 2004 മുതൽ 2021 വരെ ബാഴ്സയ്ക്കായി നിരവധി കിരീടങ്ങൾ സംഭാവന ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച മെസി ടീമിന്റെ തന്നെ ബ്രാൻഡായി മാറിയിരുന്നു. ചാംപ്യൻസ് ലീഗ് കിരീടം അടക്കമുള്ള പദ്ധതിയുമായാണ് ഫ്രഞ്ച് കരുത്തന്മാർ മെസിയെ കൊണ്ടുവന്നതെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാൻ താരത്തിനായിരുന്നില്ല.
ടീമിന്റെ നിരാശാജനകമായ പ്രകടനത്തിനിടെ സൂപ്പർ താരത്തിനെതിരെ പി.എസ്.ജി ആരാധകരുടെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. ഇതിനിടെ, ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യയിൽ പോയതിന് സസ്പെൻഷനും നേരിട്ടു. ഇതിനെല്ലാം ഒടുവിലാണ് പി.എസ്.ജി വിടുന്നതായി കഴിഞ്ഞയാഴ്ച മെസി പ്രഖ്യാപിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന തുകയ്ക്ക് താരത്തെ സ്വന്തമാക്കാൻ സൗദി പ്രോ ലീഗ് കരുത്തരായ അൽഹിലാൽ നീക്കം നടത്തിയെങ്കിലും ഓഫർ മെസി സ്വീകരിച്ചില്ല. എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചാണ് ഇൻറർ മയാമിയിലേക്ക് ചേക്കേറുന്ന വിവരം മെസി തന്നെ നേരിട്ട് പ്രഖ്യാപിച്ചത്.