മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കിങ് ഓഫ് കൊത്ത. കെഒകെ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാൻ ഇന്ത്യൻ മൂവിയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. രജിനികാന്തിന്റെ ജയിലറിന്റെ ആരവങ്ങൾക്കിടയിലും കിങ് ഓഫ് കൊത്ത ട്രെയിലർ യൂട്യൂബിൽ കണ്ടവരുടെയെണ്ണം ഒരു കോടി അറുപത് ലക്ഷമാണ്. മാത്രമല്ല, യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് ചിത്രമുള്ളത്.
ട്വിറ്ററിലും കിങ് ഓഫ് കൊത്ത ട്രെൻഡിങ്ങിലാണ്. ആരാധകർ കാത്തിരുന്നത് പോലെ വെടിക്കെട്ട് പെർഫോമൻസുമായി ദുൽഖർ എത്തുന്നു എന്ന സൂചന തന്നെയാണ് ട്രെയിലർ നൽകുന്നത്. കൊത്തയിലെ രാജാവായി എത്തുന്ന ദുൽഖറിന്റെ മാസ് ഡയലോഗുകളും ആക്ഷൻ സീനുകളുമെല്ലാം ട്രെയിലറിൽ കാണാം. മമ്മൂട്ടി, മോഹൻലാൽ, ഷാരൂഖ് ഖാൻ, നാഗാർജുന, സൂര്യ എന്നിവർ ചേർന്നാണ് ട്രെയിലർ പുറത്തുവിട്ടത്.
ഒരു മലയാള സിനിമയുടെ ട്രെയ്‌ലർ കിങ് ഖാൻ ഷാരൂഖ് ആദ്യമായാണ് പങ്കുവയ്ക്കുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഇത്രയും മികച്ച ട്രെയിലറിന് അഭിനനന്ദങ്ങളെന്നും സിനിമയ്ക്കായി കാത്തിരിക്കുന്നെന്നും മുഴുവൻ ടീമിനും വൻ വിജയം ആശംസിക്കുന്നുവെന്നും ദുൽഖറിന് ഹഗ് നൽകുന്നുവെന്നും അദ്ദേഹം ട്രെയിലർ റിലീസിനൊപ്പം എഴുതിയിരുന്നു. അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ദുൽഖറിന്റെ പോസ്റ്റും വൈറലായിരുന്നു. ഷാരൂഖ് ഖാന്റെ ഫാൻ ബോയ് ആയ തനിക്ക് ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷമാണിതെന്നായിരുന്നു ദുൽഖർ കുറിച്ചത്.
ഇത് കൊത്തയാണ്…ഇവിടെ ഞാൻ പറയുമ്പോൾ പകൽ…ഞാൻ പറയുമ്പോൾ രാത്രി എന്ന ടീസറിലെ മാസ് ഡയലോഗ് ആരാധകരെ ഹരം കൊള്ളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിലറും വൈറലാകുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററിനു മുന്നോടിയായി ദുൽഖറിൻ്റെ 11 വർഷത്തെ സിനിമാ കരിയർ ഓർമപ്പെടുത്തിയുള്ള വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ വിഡിയോയും ട്രെൻഡിങ്ങിൽ വന്നിരുന്നു. ഓഗസ്റ്റ് 24നാണ് ചിത്രത്തിന്റെ റീലീസ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ പാക്കപ്പ് വീഡിയോ വരെ ആരാധകർ ഏറ്റെടുത്തിരുന്നു. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് കരൈക്കുടിയിലാണ് നടന്നത്. 95 ദിവസമാണ് ഷൂട്ട് ചെയ്തത്. ദുൽഖറും ഐശ്വര്യ ലക്ഷ്‍മിയും ഒരുമിച്ച് ആദ്യമായി സ്ക്രീൻ പങ്കിടുന്ന ചിത്രം കൂടിയാണിത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിങ് ഓഫ് കൊത്ത പറയുന്നത്. പൊറിഞ്ചു മറിയം ജോസിൻ്റെ തിരക്കഥാകൃത്ത് അഭിലാഷ് എസ്. ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
പ്രസന്ന, ഗോകുൽ സുരേഷ്, ഷബീർ കല്ലറയ്ക്കൽ, ശാന്തി കൃഷ്‍ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജേക്‌സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവരാണ് സംഗീതസംവിധാനം. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം നിമീഷ് രവിയും എഡിറ്റിംഗ് ശ്യാം ശശിധരനുമാണ് നിർവഹിക്കുന്നത്. ദുൽഖറിന്റെ കരിയറിൽ തന്നെ ഏറ്റവും മുതൽമുടക്കിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ്.
മലയാളത്തിൽ തുടങ്ങി, തമിഴ്, തെലുങ്ക്, ബോളിവുഡിലെത്തി നിൽക്കുന്ന ഹിറ്റുകളുടെ പ്രയാണമാണ് ഒരു പതിറ്റാണ്ട് കഴിഞ്ഞ സിനിമാ ജീവിതത്തിൽ ദുൽഖറിനുള്ളത്. ഇന്നു ഇതര ഭാഷകളിലെല്ലാം തന്നെ സ്വന്തം പേരിൽ സിനിമ തിയറ്ററിലെത്തിക്കാനും പ്രേക്ഷകരെ ഒപ്പം കൂട്ടാനും മികച്ച ബിസിനസ് നേടിയെടുക്കാനും ദുൽഖറിനു കഴിയുന്നുണ്ട്. ഭാഷാ അതിരുകൾക്ക് അപ്പുറത്താണ് ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും ദുൽഖർ സൽമാൻ്റെ പ്രേക്ഷക സ്വീകാര്യത. കിങ് ഓഫ് കൊത്തയ്ക്കു ശേഷം തമിഴ് ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. ത്രില്ലർ ആക്ഷൻ കഥ പറയുന്ന ചിത്രം കാർത്തികേയൻ വേലപ്പനാണ് സംവിധാനം ചെയ്യുന്നത്.