ഡൽഹി: ഏകദിന ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ ഓറഞ്ച് ജഴ്സിയിൽ കളിക്കുമെന്ന വാദങ്ങൾ തള്ളി ബിസിസിഐ. ബിസിസിഐ ട്രഷറർ ആശിഷ് ഷെലാറാണ് വാദങ്ങൾ തള്ളിയത്. പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ ഓറഞ്ച് ജഴ്സിയിൽ ഇറങ്ങുമെന്നത് അടിസ്ഥാനരഹിതമാണ്. ഇത്തരം ചിന്തകൾ ചിലരുടെ സങ്കൽപ്പമാണ്. മെൻ ഇൻ ബ്ലൂ എന്നത് ഇന്ത്യയുടെ കായിക മേഖലയെ പ്രതിനിധീകരിക്കുന്നുവെന്നതും ബിസിസിഐ ട്രഷറർ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിച്ചത് ഓറഞ്ച് നിറത്തിലുള്ള ജഴ്സിയിലാണ്. ജഴ്സിയുടെ കൈഭാഗത്തും പിൻഭാഗത്തുമായിരുന്നു ഓറഞ്ച് നിറം. മുൻഭാഗം കടും നീല നിറത്തിലായിരുന്നു. ലോകകപ്പിന് വേദിയായ ഇംഗ്ലണ്ടിന് നീല നിറത്തിലുള്ള ജഴ്സിയാണെന്നതായിരുന്നു ഇന്ത്യയുടെ ജഴ്സിയിൽ മാറ്റം വരാൻ കാരണം. എന്നാൽ ഇത്തവണ വേദി ഇന്ത്യ ആണെന്നതിനാൽ ജഴ്സിയുടെ നിറത്തിൽ മാറ്റം വരുത്തേണ്ടതില്ല.
ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ പരിശീലന കിറ്റിന്റെ നിറം മാറിയിരുന്നു. നീല നിറത്തിലുള്ള പരിശീലന ജഴ്സിക്ക് പകരം ഇന്ത്യ ഇപ്പോൾ ഓറഞ്ച് ജഴ്സിയാണ് ഉപയോഗിക്കുന്നത്. ഒക്ടോബർ 14നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടക്കുക. അതിനുമുമ്പ് ഒക്ടോബർ 11ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ മത്സരമുണ്ട്.