Sports

ബുഡാപെസ്റ്റില്‍ ഇന്ത്യ ഓടി നേടുമോ? ഹീറ്റ്‌സിലെ പോരാട്ടം ഫൈനലിലും ആവര്‍ത്തിക്കാൻ ഇന്നിറങ്ങും

Published

on

ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ 4×400 മീറ്റർ റിലേ മത്സരത്തിൻ്റെ ഹീറ്റ്സിൽ ചരിത്രം കുറിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലിൽ മെഡൽ നേട്ടത്തിനൊരുങ്ങുന്നത്. ആദ്യ ഹീറ്റ്സിൽ മത്സരിച്ച ഇന്ത്യൻ ടീം ജപ്പാൻ്റെ പേരിലുള്ള ഏഷ്യന്‍ റെക്കോര്‍ഡ് തകർത്താണ് അമേരിക്കക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തത്. മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ട ടീം 2:59:05 മിനിറ്റിൽ ഓടിയെത്തിയപ്പോള്‍ പിറന്നത് ഇന്ത്യന്‍ റിലേ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ്. മലയാളി താരങ്ങളായ മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, മുഹമ്മദ് അനസ് യഹിയ, കോയമ്പത്തൂർ സ്വദേശി രാജേഷ് രമേഷ് എന്നിവരമടങ്ങിയ ടീമാണ് 4×400 റിലേയില്‍ റെക്കോര്‍ഡ് പ്രകടനം നടത്തിയത്.

അത്‌ലറ്റിക്‌സിലെ കരുത്തരായ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്തപ്പോള്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ റിലേ ടീം ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഒന്നാം ഹീറ്റ്‌സില്‍ മത്സരിച്ച ഇന്ത്യ 2:59:05 മിനിറ്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. 2:58:47 മിനിറ്റെടുത്താണ് അമേരിക്ക ഒന്നാമത് ഓടിയെത്തിയത്.

അമേരിക്ക, ബ്രിട്ടന്‍, ബോട്സ്വാന, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, ജപ്പാന്‍, ചെക്ക് റിപ്പബ്ലിക്, സ്പെയ്ന്‍, ഹംഗറി തുടങ്ങിയ വമ്പന്‍മാര്‍ അണി നിരന്ന ആദ്യ ഹീറ്റ്സില്‍ നിന്നാണ് ഇന്ത്യയുടെ പുരുഷ റിലേ ടീം ഫൈനലിലേക്ക് യോഗ്യത നേടിയത്. വമ്പന്മാരായ ഗ്രേറ്റ് ബ്രിട്ടന്‍, ജമൈക്ക എന്നിവരൊക്കെ ഹീറ്റ്സിൽ ഇന്ത്യ ഓടിയെത്തിയ സമയത്തെക്കാൾ കൂടുതലെടുത്താണ് ഫൈനലിന് യോഗ്യത നേടിയത്.

പഴയ റെക്കോര്‍ഡുകളെല്ലാം തിരുത്തപ്പെടുകയായിരുന്നു ബുഡാപെസ്റ്റില്‍. ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തോടെ ജപ്പാന്റെ കുത്തകയായിരുന്ന ഏഷ്യന്‍ റെക്കോര്‍ഡാണ് പഴങ്കഥയായത്. 2:59:51 മിനിറ്റായിരുന്നു ഇത്രയും നാള്‍ 4×400 റിലേ മത്സരത്തിലെ ഏഷ്യന്‍ റെക്കോഡ്. 2021ല്‍ ജപ്പാന്‍ സ്ഥാപിച്ച ഏഷ്യന്‍ റെക്കോര്‍ഡാണ് ഇന്ത്യ ബുഡാപെസ്റ്റില്‍ തിരുത്തിയെഴുതിയത്. സ്വന്തം റെക്കോര്‍ഡ് നേട്ടം തിരുത്താനും ഇന്ത്യ മറന്നില്ല. 2021 ല്‍ 3:00:25 മിനിറ്റിൽ ഓടിയെത്തിയതിന്റെ റെക്കോഡാണ് ബുഡാപെസ്റ്റിൽ ഇന്ത്യ തിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version