U.A.E

‘ലോക ദാരിദ്ര്യത്തിനെതിരെ പോരാടുന്നത് തുടരും’; യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

Published

on

 

അബുദാബി: ലോക ദാരിദ്ര്യത്തിനെതിരെ പോരാടാനുളള ശ്രമം തുടരുമെന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദാനം ചെയ്യുക എന്നത് തങ്ങളുടെ പ്രധാന മൂല്യങ്ങളിലൊന്നാണ്. രാജ്യം ദശലക്ഷക്കണക്കിന് വിശക്കുന്ന ആളുകൾക്ക് ഭക്ഷണം നൽകാൻ ശ്രമിക്കുന്നു. യുവാക്കൾക്ക് അറിവ് നൽകാനും അവരുടെ കഴിവുകളിൽ നിക്ഷേപിക്കാനും സംരംഭങ്ങൾ ആരംഭിച്ചു. ശോഭനമായ ഭാവിക്കായി പ്രത്യാശ നൽകുന്നതിന് മറ്റുള്ളവരെ യുഎഇ പിന്തുണയ്ക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ലോക മാനുഷിക ദിനത്തോടനുബന്ധിച്ച് സാമൂഹികമാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രതികരണം. ആളുകളിലേക്ക് സഹായമെത്തിക്കുന്ന സന്നദ്ധപ്രവർത്തകരു‌ടെ വീഡിയോ പങ്കുവെച്ചായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രതികരണം. ലോകമെമ്പാടുമുള്ള 102 ദശലക്ഷം ആളുകളെ സഹായിക്കുന്നതിനായി യുഎഇ കഴിഞ്ഞ വർഷം ഏകദേശം 1.4 ബില്യൺ ദിർഹം ചെലവഴിച്ചെന്നും യുഎഇ ഭരണാധികാരി പറഞ്ഞു.

യുഎഇയിലും ലോകത്തും എല്ലായിടത്തും ദാരിദ്ര്യത്തിനും പട്ടിണിക്കും അജ്ഞതയ്‌ക്കും എതിരെ പോരാടുന്നത് തുടരും. അറബ് സമൂഹങ്ങളിൽ ഒരു നല്ല നാളേയ്ക്കായി പ്രത്യാശ പകരുന്നതും തുടരുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും രക്ഷിക്കാനും യുഎഇക്ക് മനസ്സുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ഏറ്റവും വലിയ റമദാൻ സുസ്ഥിര ഭക്ഷ്യ സഹായ ഫണ്ട് രൂപീകരിക്കുന്നതിനായി രാജ്യം ഈ വർഷം ‘1 ബില്യൺ മീൽസ് എൻഡോവ്‌മെന്റ്’ ആരംഭിച്ചിരുന്നു.

ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവ കുറയ്ക്കാനും വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനുമാണ് യുഎഇ ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് പറഞ്ഞു. ലോക മാനുഷിക ദിനത്തിൽ സഹകരിക്കാനും ആശയവിനിമയം നടത്താനുമുളള സമയവും വേദിയുമാക്കാം. അതുവഴി അപകടത്തിലായ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ സംരക്ഷിക്കാൻ കഴിയുമെന്നും ഷെയ്ഖ് ഹംദാൻ ബിൻ സായിദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version