പട്ന: കാമുനനോടൊപ്പം ഒളിച്ചോടിയ ഭാര്യയ്ക്ക് വേറിട്ട രീതിയിൽ മറുപടി നൽകി യുവാവ്. ഭാര്യയുടെ കാമുകൻ്റെ ഭാര്യയെ വിവാഹം ചെയ്തു കൊണ്ടായിരുന്നു ഇയാൾ പക വീട്ടിയത്. ബിഹാറിലെ ഖാർഗരിയ ജില്ലയിലാണ് സംഭവം നടന്നത്. 2009ലാണ് റൂബി ദേവിഎന്ന യുവതി നീരജ് കുമാർ സിങിനെ വിവാഹം ചെയ്തത്. ഇവർക്ക് നാലു മക്കളുമുണ്ട്. എന്നാൽ നാലു വർഷത്തിനു ശേഷമാണ് ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് നീരജിന് മനസ്സിലായത്. ഗ്രാമത്തിലെ തന്നെ താമസക്കാരനായ മുകേഷ് എന്നയാളുമായി പ്രണയത്തിലായിരുന്നു റൂബി ദേവി.
ഒടുവിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റൂബി ദേവിയും മുകേഷും തമ്മിൽ വിവാഹം ചെയ്യുകയായിരുന്നു എന്ന് ഇടിവി ഭാരത് റിപ്പോർട്ടിൽ പറയുന്നു. സംഭവം അറിഞ്ഞ നീരജ് ഭാര്യയെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് മുകേഷിനെതിരെ പോലീസിൽ പരാതിയും നൽകി. വിഷയം ഗ്രാമ പഞ്ചായത്തിൽ ഉന്നയിച്ചെങ്കിലും മുകേഷ് ഈ നടപടിയോടു സഹകരിച്ചില്ലെന്നും ഇയാൾ ഒളിവിലാണെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
മറ്റൊരു സ്ത്രീയെ മുൻപു തന്നെ വിവാഹം ചെയ്ത മുകേഷിന് ഈ ബന്ധത്തിൽ രണ്ട് മക്കളുമുണ്ടായിരുന്നു. ഈ യുവതിയുടെ പേരും റൂബി എന്നാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. ഭാര്യയോടും കാമുകനോടുമുള്ള പ്രതികാരം എന്ന നിലയ്ക്ക് 2023 ഫെബ്രുവരിയിൽ നീരജ് ഈ സ്ത്രീയെ വിവാഹം ചെയ്യുകയായിരുന്നു. വേറിട്ട വിവാഹവാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
പരസ്പരം വിവാഹം ചെയ്തു ജീവിക്കുന്ന നാലുപേരെക്കുറിച്ചും കൗതുകകരമായ പ്രതികരണങ്ങളാണ് പലരും കമൻ്റ് ബോക്സിൽ കുറിക്കുന്നത്. വിവാഹം കഴിഞ്ഞവർ പോലും പരസ്പരം ഒളിച്ചോടി വിവാഹം ചെയ്തിട്ടും ഞാനൊക്കെ സിംഗിൾ ആണല്ലോ എന്നായിരുന്നു ഒരാളുടെ കമൻ്റ്. ചിലപ്പോൾ മുകേഷിൻ്റെ ഭാര്യയെ വിവാഹം ചെയ്യാനായി നീരജ് ആയിരിക്കും ഈ പദ്ധതി മുഴുവൻ തയ്യാറാക്കിയത് എന്നായിരുന്നു മറ്റൊരാളുടെ സിദ്ധാന്തം. ഇവരുടെ മക്കൾ മൊത്തത്തിൽ സംശയത്തിലാകും എന്നായിരുന്നു മറ്റൊരാളുടെ ആശങ്ക.
അതേസമയം, മുകേഷിൻ്റെയും റൂബിയുടെയും വിവാഹം പ്രതികാര നടപടിയല്ലെന്നും ഇവർ സ്വാഭാവികമായി പ്രണയത്തിലായതാണ് എന്നും ചില റിപ്പോർട്ടുകളുണ്ട്. ഭാര്യയുടെ ഒളിച്ചോട്ടത്തിനു ശേഷം മുകേഷ് നീരജിൻ്റെ ഭാര്യയായിരുന്ന റൂബി ദേവിയെ കണ്ടു സംസാരിച്ചെന്നും ഇടയ്ക്കിടെ കണ്ടിരുന്ന ഇവരുടെ സൗഹൃദം പ്രണയത്തിനു വഴിമാറുകയായിരുന്നു എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.