Entertainment

‘ഒരു തമിഴൻ രാജ്യം ഭരിക്കുന്ന ദിവസം എന്തുകൊണ്ട് ഉണ്ടായിക്കൂടാ,അതിനായി കാത്തിരിക്കുന്നു’; കമൽ ഹാസൻ

Published

on

‘ഇന്ത്യൻ 2’-ന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ചാണ് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നത്. സംവിധായകൻ ശങ്കർ, അനിരുദ്ധ് രവിചന്ദർ, രകുൽ പ്രീത് സിംഗ്, കാജൽ അഗർവാൾ, ചിമ്പു, ലോകേഷ് കനകരാജ്, നെൽസൺ ദിലീപ് കുമാർ, ബോബി സിംഹ, ബ്രഹ്മാണ്ഡം തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കമൽ ഹാസന്റെ വാക്കുകൾ ശ്രദ്ധേയമായിരുന്നു.

ഞാൻ ഒരു തമിഴനാണ്, ഒരു ഇന്ത്യനുമാണ്. അതാണ് എന്റെ വ്യക്തിത്വം, നിങ്ങളുടെയും. അതാണ് ഇന്ത്യൻ സീക്വലിന്റെ ഉള്ളടക്കം തന്നെ. വിഭജിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷ് ആശയമാണ്. ബ്രിട്ടീഷുകാർ തിരികെ പോകുമ്പോൾ ചെന്നു കയറാൻ ഒരു വീടുണ്ടായിരുന്നു. ഇന്ന് അത് ചെയ്യാൻ ശ്രമിക്കുന്നവർ എവിടെ പോകുമെന്ന കാര്യത്തിലാണ് എന്റെ അത്ഭുതം.

ഇന്ത്യ സ്വയം കൈവരിച്ച ഐക്യം കാത്തു സൂക്ഷിക്കുമ്പോൾ എന്നെങ്കിലും ഒരു തമിഴൻ രാജ്യം ഭരിക്കുന്നത് കാണാമെന്നതാണ് തൻ്റെ സ്വപ്നമെന്നും കമൽ ഹാസൻ പറഞ്ഞു. ‘യാത്തും ഊരേ, യാവരും കേളിർ’ (എല്ലാ നഗരവും നിങ്ങളുടെ നഗരമാണ്; എല്ലാവരും നിങ്ങളുടെ ബന്ധുക്കളാണ്) നമ്മുടെ സംസ്ഥാനത്ത് വന്നവർക്ക് ജീവൻ നൽകുന്നതിലാണ് നമ്മൾ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഒരു തമിഴൻ രാജ്യം ഭരിക്കുന്ന ഒരു ദിവസം എന്തുകൊണ്ട് ഉണ്ടായിക്കൂടാ? ഇത് എൻ്റെ രാജ്യമാണ്, അതിനുള്ളിലെ ഐക്യം നമ്മൾ സംരക്ഷിക്കണം, അദ്ദേഹം പറഞ്ഞു.

അതേസമയം, സീക്വലിൽ കാജൽ അഗർവാൾ, സിദ്ധാർത്ഥ്, രകുൽ പ്രീത് സിങ് എന്നിവരും പുതിയതായി ലീഡ് റോളിലെത്തുന്നുണ്ട്. 2019-ലാണ് ഇന്ത്യൻ 2-ന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ ചിത്രത്തിന്റെ ക്രൂവിന് ഒരപകടം സംഭവിക്കുകയും 2020-ൽ ചിത്രീകരണം താത്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തു. പിന്നീട് കൊവിഡ് പശ്ചാത്തലത്തിലും ഷൂട്ടിംഗ് പാതിവഴിയിൽ നിർത്തേണ്ടി വന്നു. തുടർന്ന് 2022-ലാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചത്. ജൂലൈ 12-നാണ് ‘ഇന്ത്യൻ 2’ ആഗോള തലത്തിൽ റിലീസിനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version