കഴിഞ്ഞ ദിവസം മുതൽ ബോളിവുഡ് സിനിമാസ്വാദകർ സോഷ്യൽ മീഡിയയിൽ ആഘോഷിച്ചത് റാഹ കപൂറിന്റെ ആദ്യ ദൃശ്യങ്ങളാണ്. ബോളിവുഡ് താരദമ്പതിമാരായ രൺബീറിനും ആലിയ ഭട്ടിനും മകൾ ജനിച്ച നാൾ മുതൽ ആകാംക്ഷയോടെ കാത്തിരുന്നത് ഒരുപക്ഷെ ഇന്നലത്തെ ആ ദിവസത്തിന് വേണ്ടിയായിരിക്കണം. റാഹയെ ഒരു നോക്കുകാണാൻ പാപ്പരാസികൾ ആലിയ-രൺബീറിനെ വിടാതെ പിന്തുടർന്നുവെങ്കിലും മകളുടെ മുഖം വെളിപ്പെടുത്താൻ സാധിക്കില്ല എന്ന് ഇരുവരും മറുപടി നൽകിയിരുന്നു. എന്നാൽ കാരണം പറഞ്ഞിരുന്നില്ല.
ഈയടുത്ത് ആലിയ നൽകിയ ഒരു അഭിമുഖത്തിൽ റാഹയെ കുറിച്ച് ചോദിച്ചപ്പോൾ മകളുടെ മുഖം മറയ്ക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മകളെ ഓർത്ത് അഭിമാനിക്കുന്ന ഒരു അമ്മയാണ് താനെന്നും ആലിയ മറുപടി നൽകി. പിന്നാലെയാണ് ക്രിസ്മസ് ദിനമായ ഇന്നലെ ഇരുവരും റാഹയെ ആരാധകർക്കു മുൻപിൽ പരിചയപ്പെടുത്തിയത്. നടൻ കുനാൽ കപൂറിന്റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയതായിരുന്നു മൂവരും.
ചിത്രം വൈറലായതോടെ സോഷ്യൽ മീഡിയയിൽ ആദ്യം എത്തിയത് ആലിയയുടെയും രൺബീറിന്റെയും കുട്ടിക്കാലത്തെ ചിത്രങ്ങളാണ്. കുഞ്ഞുറാഹയെ കാണാൻ ആരെപോലെയാണ് എന്നാണ് ചർച്ച. ആലിയയുമായി ചെറിയ സാദൃശ്യം പലരും പറഞ്ഞുവെങ്കിലും ഭൂരിഭാഗവും പറഞ്ഞത് റാഹ അച്ഛൻ മകളാണെന്നാണ്. റാഹയുടെ നീലക്കണ്ണുകളായിരുന്നു മറ്റൊരു ചർച്ച. അങ്ങനെ ആരാധകരുടെ അന്വേഷണം ചെന്നെത്തിയതാകട്ടെ റിഷി കപൂറിലേക്കാണ്.
പ്രശസ്ത നടനും രൺബിറിന്റെ പിതാവുമായ റിഷി കപൂറിന്റെ ചെറുപ്പകാല ചിത്രവും റാഹയുടെ ചിത്രവുമായുള്ള കൊളാഷെത്തി. റാഹ മുത്തച്ഛനെ പോലെ തന്നെയെന്ന് ആരാധക വൃന്ദം അഭിപ്രായപ്പെട്ടു. മുതുമുത്തച്ഛനായ രാജ് കപൂറുമായുള്ള സാദൃശ്യവും പ്രേക്ഷകർ പറയുന്നുണ്ട്. ബോളിവുഡ് നടിയും രൺബീറിന്റെ കസിനുമായ കരീന കപൂർ, കരിഷ്മ കപൂർ, കരീനയുടെ മകൻ തയ്മൂർ അലി ഖാൻ എന്നിവരുടെ മുഖച്ഛായയും റാഹയ്ക്കുണ്ടെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.