Entertainment

‘എന്റെ വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ, ഇവൻ ആ ടീച്ചറെ ചതിച്ചു എന്നായിരുന്നു കമന്റുകൾ’: രാജേഷ് മാധവൻ

Published

on

സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളെ കുറിച്ച് നടൻ രാജേഷ് മാധവനും ചിത്ര നായരും. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയുടെ പ്രൊമോഷൻ്റെ ഭാ​ഗമായി റിപ്പോ‍ർട്ടറിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.

സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പറഞ്ഞാൽ അത് നെഗറ്റീവായി പ്രേക്ഷകരെടുക്കും എന്ന പേടിയുണ്ടോ എന്നായിരുന്നു ചോദ്യം. അത് ഉറപ്പാണെന്നും പേടിച്ചിട്ട് കാര്യമില്ലല്ലോ എന്നായിരുന്നു നടി ചിത്ര നായരുടെ മറുപടി. അത് സ്വാഭാവികമാണെന്ന് രാജേഷ് മാധവനും മറുപടി പറഞ്ഞു.

‘സിനിമയുടെ പ്രൊമോഷൻ വീഡിയോയുടെ താഴെ നിരവധി കമന്റ് കണ്ടിട്ടുണ്ട്. എനിക്കൊക്കെ നല്ല തെറി കമന്റുകളെല്ലാം കിട്ടിയിട്ടുണ്ട്. എന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് വന്ന കമന്റ്, ‘ഇവൻ ആ ടീച്ചറെ ചതിച്ചു, ഇവനെ കണ്ടപ്പോഴേ അറിയാമായിരുന്നു’ എന്നൊക്കെയായിരുന്നു. കുറേയാളുകൾ വീട്ടിലിരിക്കുകയല്ലേ. എന്തെങ്കിലുമൊരു പരിപാടി അവർക്ക് വേണമല്ലോ. അങ്ങനെ പറയാൻ വേണ്ടി മാത്രം ഇരിക്കുന്ന കുറച്ചാളുകളുണ്ട്,’ രാജേഷ് മാധവൻ കൂട്ടിച്ചേർത്തു.

മെയ് 16-നാണ് ‘ഹൃദയഹാരിയായ പ്രണയകഥ’ തിയേറ്ററുകളിലെത്തുന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ സുരേശൻ-സുമലത എന്ന ഹിറ്റ് കോംബോയുടെ സ്പിൻ ഓഫ് ചിത്രമാണിത്. സിനിമയുടെ കഥയും തിരക്കഥയും നിർവഹിക്കുന്നത് സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ഒരു പ്രണയകഥ മൂന്ന് കാലഘട്ടങ്ങളിലായി പറയുന്ന സിനിമയുടെ ട്രെയ്‍ലർ-ടീസറുകളും പാട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version