ഓടിക്കൊണ്ടിരിക്കെ വാനിന്റെ വീല്‍കവര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് ഉണ്ടായത് വന്‍ അപകടം. ഓടിക്കൊണ്ടിരിക്കെ വീല്‍കവര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് വാന്‍ നടുറോഡില്‍ നിര്‍ത്തിയപ്പോഴാണ് കാറിടിച്ച് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന അതേ ട്രാക്കില്‍ വാന്‍ നിര്‍ത്തിയതോടെ പിന്നാലെ എത്തിയ ഒരു കാര്‍ തലനാരിഴക്കാണ് ഒഴിഞ്ഞുമാറിയത്. എന്നാല്‍, ഇതിനു പിന്നാലെയെത്തിയ മറ്റൊരു കാര്‍ വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ വന്ന മറ്റു വാഹനങ്ങള്‍ അവസരോചിതമായി ട്രാക്ക് മാറ്റി വെട്ടിച്ചുപോയതിനാലാണ് കൂട്ടയിടി ഒഴിവായത്.
ഓട്ടത്തിനിടെ വാഹനം നടുറോഡില്‍ നിര്‍ത്താന്‍ പാടില്ലെന്ന ബോധവത്കരണത്തിന്റെ ഭാഗമായി അപകടത്തിന്റെ വിഡിയോ അബുദാബി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. എന്തു കാരണം കൊണ്ടായാലും റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്ന് ഡ്രൈവര്‍മാരോട് അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ആവശ്യപ്പെട്ടു. വാഹനം സുരക്ഷിതമായി റോഡിന് വശത്തേക്ക് നീക്കുകയാണ് മറ്റു വാഹനങ്ങളെ രക്ഷിക്കാന്‍ ഡ്രൈവര്‍മാര്‍ ചെയ്യേണ്ടത്. കാര്‍ നീങ്ങുന്നില്ലെങ്കില്‍ ഉടന്‍തന്നെ അധികൃതരെ ബന്ധപ്പെടണം. മറ്റു വാഹനങ്ങളില്‍നിന്ന് മതിയായ അകലം പാലിക്കണമെന്നും അമിത വേഗതയില്‍ വാഹനമോടിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കണമെന്നും ഡ്രൈവര്‍മാരെ നിരന്തരം ഓര്‍മപ്പെടുത്തി.
റോഡുകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ‘യു കമന്റ്്’ പദ്ധതിയുടെ ബോധവത്കരണ പരിപാടികള്‍ അബുദാബി പൊലീസ് നടത്തിവരികയാണ്. പെട്ടെന്ന് സ്റ്റോപ്പ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ വാഹനം ട്രാക്കിനു പുറത്തേക്കു മാറ്റിയേ നിര്‍ത്താവൂ. നടുറോഡില്‍ വാഹനം നിര്‍ത്തി നിയമം ലംഘിക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ ലഭിക്കുക.