ദുബായ്: ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുകയാണ് മലയാളി സിനിമാ താരം ഹണി റോസ്. ആദ്യമായാണ് ദുബായ് ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ യുഎസ്ബി ചിപ്പില്‍ അടങ്ങിയ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. 10 വര്‍ഷം യഥേഷ്ടം യുഎയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും അനുമതി നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ.
വിസ പാസ്‌പോര്‍ട്ടില്‍ പതിച്ചുനല്‍കുന്നതിന് പകരം ബിസിനെസ്സ് വാലെറ്റില്‍ ലഭ്യമാകുമെന്നതാണ് ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസയിലെ മാറ്റം. വിസക്ക് പുറമെ എമിറേറ്റ്‌സ് ഐഡി, താമസ രേഖ, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍ മുഴുവനും ഒറ്റ ബിസിനെസ്സ് വാലെറ്റില്‍ ലഭ്യമാകും. പാസ്സ്‌പോര്‍ട്ടില്‍ പതിച്ചു നല്‍കിയിരുന്ന വിസ പതിപ്പ് പൂര്‍ണമായും നിര്‍ത്തലാക്കിയിട്ടുണ്ട്.
വിസ അസാധുവാകാതെ ആറ് മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്ത് താമസിക്കാമെന്നതാണ് ഗോള്‍ഡന്‍ വിസയുടെ പ്രധാന സവിശേഷത. ജീവിത പങ്കാളി, മക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അവരുടെ പ്രായം പരിഗണിക്കാതെ സ്‌പോണ്‍സര്‍ ചെയ്യാനും പരിധിയില്ലാതെ വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാനും ഈ വിസയിലുള്ളവര്‍ക്ക് അനുവാദമുണ്ട്. ഗോള്‍ഡന്‍ വിസയുടെ പ്രാഥമിക ഉടമ അന്തരിച്ചാലും കുടുംബത്തിന് അവരുടെ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നത് വരെ യുഎഇയില്‍ തുടരാനും അനുവദിക്കും.
ദുബായിലെത്തിയാണ് ഹണി റോസ് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആണ് വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കിയത്. സ്ഥാപനത്തിന്റെ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് ഹണി റോസ് ഗോള്‍ഡന്‍ വിസ കൈപ്പറ്റി. നിരവധി ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്ത് ദുബായ് ഇസിഎച്ച് ഡിജിറ്റല്‍ നേരത്തേ ശ്രദ്ധനേടിയിരുന്നു.
ദുബായിലെ നിക്ഷേപകര്‍, സംരംഭകര്‍, പ്രൊഫഷണലുകള്‍, ശാസ്ത്രജ്ഞര്‍, മികച്ച വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കാണ് 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. 20 ലക്ഷം ദിര്‍ഹത്തിലധികം ദുബായില്‍ പ്രോപര്‍ട്ടി നിക്ഷേപമുള്ളവര്‍ക്കും 30,000 ദിര്‍ഹം മാസശമ്പളത്തില്‍ യുഎഇയില്‍ ജോലിചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാനാവും. രണ്ടോ അതിലധികമോ പ്രോപ്പര്‍ട്ടികളുടെ മൂല്യം കൂട്ടിച്ചേര്‍ത്ത് 20 ലക്ഷം ദിര്‍ഹത്തിലധികമുണ്ടായാലും മതി. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് പ്രോപര്‍ട്ടിയുടെ മൂല്യം കണക്കാക്കുന്നത്. പ്രതിമാസം 30,000 ദിര്‍ഹം ശമ്പളമുള്ള ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, അധ്യാപകന്‍, മറ്റ് തൊഴിലുകള്‍ എന്നിവയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സുള്ള പ്രൊഫഷണലുകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഉണ്ടായിരിക്കണമെന്നത് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ക്ക് വിധേയമായാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.
ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ കണക്ക് പ്രകാരം ദുബായ് ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023ന്റെ ആദ്യ പകുതിയില്‍ അനുവദിച്ച ഗോള്‍ഡന്‍ വിസകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ധനയുണ്ടായി. യുഎഇയുടെ അഭിമാനകരമായ ഗോള്‍ഡന്‍ വിസയ്ക്ക് വിദേശികള്‍ക്കിടയില്‍ ഏറെ ആവശ്യക്കാരുണ്ട്. 2022 നവംബര്‍ വരെ ഒന്നര ലക്ഷത്തിലധികം ഗോള്‍ഡന്‍ വിസ അനുവദിച്ചതായി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.