Business

എന്താണ് ഹവാല അഥവാ കുഴൽപ്പണം?

Published

on

കാലങ്ങളായി നമ്മൾ കേൾക്കുന്ന വാക്കുകളാണ് കള്ളപ്പണം, ഹവാല മുതലായവ. എന്നാൽ പൂർണമായ അർത്ഥത്തിൽ ഇത് എന്താണെന്ന് പലർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. ബ്ലാക്ക് മണി അഥവാ കള്ളപ്പണവും, ഹവാലയും തമ്മിൽ വ്യത്യാസമുണ്ട്. നിയമാനുസൃതമല്ലാതെ സ്വരൂപിക്കുന്ന പണമാണ് കള്ളപ്പണം അഥവാ ബ്ലാക്ക് മണി എന്ന് ലളിതമായി പറയാം. നിയമപരമല്ലാത്ത മാർഗങ്ങളിലൂടെ നേടുന്ന പണവും, നികുതി വെട്ടിപ്പിലൂടെ സ്വരൂപിക്കുന്ന പണവുമെല്ലാം ബ്ലാക്ക് മണിയുടെ പരിധിയിൽ വരും.

ഹവാല അല്ലെങ്കിൽ കുഴൽപ്പണം എന്നത് പണമിടപാടുകളുമായി ബന്ധപ്പെട്ട ഒരു വാക്കായിട്ടാണ് സാധാരണ ഗതിയിൽ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് വിദേശത്ത് നിന്ന് കേരളത്തിലേക്ക് നിയമാനുസൃതമല്ലാത്ത മാർഗങ്ങളിൽ കൂടി പണം അയയ്ക്കുന്നതിനെ ഹവാല എന്ന് വിളിക്കാം. ഹവാല എന്ന വാക്ക് അറബി ഭാഷയിൽ നിന്ന് രൂപം കൊണ്ടതാണ്. കുഴൽപ്പണം എന്നത് ഹവാലയുടെ കേരളത്തിലെ ഒരു വിളിപ്പേരാണെന്നു പറയാം.

ഉദാഹരണത്തിന്, കുഴൽപ്പണം സാധാരണയായി വിദേശത്തു നിന്ന് കേരളത്തിലെ ഒരു വ്യക്തിക്ക് കിട്ടുന്ന പണമാണെന്നു കരുതുക. ബാങ്കോ, സർക്കാരോ അറിയാതെയാണ് ഇത്തരത്തിൽ പണം കൈമാറുക. ഇതിന് സൗകര്യമൊരുക്കുന്ന ഹവാല ഏജന്റുമാരും, സംഘങ്ങളുമുണ്ട്. ഇത്തരം സംഘങ്ങളെ വിദേശ കറൻസി ഏല്പിക്കുകയാണ് ചെയ്യുക. ഇത്തരം പണം എത്തിച്ചു നൽകാൻ ഹവാല സംഘങ്ങൾ കമ്മീഷനും കൈപ്പറ്റുന്നു. ഇതാണ് ഹവാല വിനിമയം അഥവാ കുഴൽപ്പണം.

പഴയ കാലത്ത് സാങ്കേതിക വിദ്യയും, ബാങ്കിങ് സംവിധാനങ്ങളും പുരോഗതി കൈവരിച്ചിട്ടില്ലായിരുന്നു. അക്കാലങ്ങളിൽ വിദേശത്തു പോയവർക്ക് പണം അയയ്ക്കുന്നതിനെപ്പറ്റിയും ധാരണയില്ലായിരുന്നു. ഇക്കാരണത്താൽ നാട്ടിൽ പണം എത്തിക്കാൻ കണ്ടെത്തിയ ഒരു മാർഗമാണ് പിന്നീട് ഹവാല പണമിടപാടുകളായി വികസിച്ചത്.

വിദേശ രാജ്യത്ത് ജോലി ചെയ്യുന്നവർ കൃത്യമായ വിസ, വർക് പെർമിറ്റ് തുടങ്ങിയ അനുമതികളില്ലാതെ സമ്പാദിക്കുന്ന പണം നിയമപരമായി ട്രാൻസ്ഫർ ചെയ്യാൻ സാധിക്കില്ല. കള്ളപ്പണവും, നിയമപരമല്ലാത്ത പ്രവർത്തനങ്ങളിലൂടെ നേടിയ പണവും കൈമാറുന്നത് ഹവാല ഇടപാടുകൾ വഴിയാണ്. തീവ്രവാദ പ്രവർത്തനങ്ങൾ, കള്ളക്കടത്ത്, മയക്കുമരുന്ന കച്ചവടം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും ഹവാല പണം ഉപയോഗിക്കപ്പെടുന്നു.

വിദേശത്തുനിന്നുള്ള പണം ഇവിടെയുള്ള ഹവാല ഏജന്റിന് എത്തിക്കാൻ വിദേശത്തു നിന്ന് സ്വർണ്ണം വാങ്ങി അത് കള്ളക്കടത്ത് നടത്തുന്നതും അടുത്ത കാലത്തായി വ്യാപകമാണ്. കള്ളപ്പണം ഹവാല ഏജന്റിന് നൽകി അത് വൈറ്റ് മണിയാക്കുന്നതിനും ഹവാല വിനിമയങ്ങൾ ഉപയോഗിക്കുന്നു. ഹവാല പണമിടുപാടുകളിൽ കള്ളനോട്ടുകൾ കൈമാറി കബളിപ്പിക്കുന്നതും സാധാരണമാണ്. നിയമപരമല്ലാത്ത വിനിമയങ്ങളല്ലാത്തിനാൽ പരാതി നൽകാനും ഇവിടെ സാധിക്കുന്നില്ല. സാമ്പത്തിക വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഒന്നായി ഇക്കാലത്ത് കുഴൽപ്പണ ഇടപാടുകൾ മാറിയിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version