Gulf

ഒമാനില്‍ ചൂട് കൂടുന്നു; വാര്‍ഷിക പരീക്ഷ നേരത്തേയാക്കണമെന്ന് ആവശ്യം

Published

on

മസ്‌കറ്റ്: സുല്‍ത്താനേറ്റ് ഓഫ് ഒമാനില്‍ താപനില കുതിച്ചുയരുന്നത് തുടരുകയും 50 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ സ്‌കൂളുകളില്‍ അഞ്ച് മുതല്‍ 12 വരെ ഗ്രേഡുകളിലേക്കുള്ള പരീക്ഷകളുടെ സമയം നേരത്തേയാക്കണമെന്ന ആവശ്യം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ ശക്തമാവുന്നു.

ഈ ദിവസങ്ങളില്‍ പരീക്ഷയ്ക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ലെന്നാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന പൊതുവായ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് മസ്‌ക്കറ്റ് ഡെയിലി നടത്തിയ അഭിപ്രായ ശേഖരണത്തിലാണ് അധ്യാപകരും രക്ഷിതാക്കളും അവരുടെ ആശങ്കയും ആവശ്യവും പങ്കുവച്ചത്. പരീക്ഷയിലെ വിദ്യാര്‍ഥികളുടെ പ്രകടനത്തെ ഈ കൊടുംചൂടിലുള്ള പരീക്ഷ സാരമായി ബാധിക്കുമെന്നാണ് സുവൈഖിലെ അദ്ധ്യാപകനായ അലി അല്‍ ഷയാദിയുടെ പക്ഷം. പരീക്ഷാ സീസണിലെ ഈ കടുത്ത ചൂട് വിദ്യാര്‍ത്ഥികളിലെ സമ്മര്‍ദ്ദവും ക്ഷീണവും വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് പഠനത്തിലും പരീക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

മെയ് മാസത്തിന്റെ ആരംഭത്തില്‍ തന്നെ പരീക്ഷ തുടങ്ങി ജൂണിന് മുമ്പ് അവസാനിപ്പിക്കുന്ന രീതിയില്‍ പരീക്ഷാ സമയം പുനക്രമീകരിച്ചാല്‍ വലിയൊരുളവില്‍ ഈ പ്രശ്‌നത്തിന് പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാസമയത്ത് കുട്ടികളുടെ ഏകാഗ്രതയെയും ആരോഗ്യത്തെയും ചൂട് പ്രതികൂലമായി ബാധിക്കുന്നതായി രക്ഷിതാക്കളിലൊരാളായ നാസര്‍ അല്‍ ഹുസൈനി അഭിപ്രായപ്പെട്ടു. വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ സമയത്ത്, പ്രത്യേകിച്ച് ഒരു ദിവസം ഒന്നിലധികം പരീക്ഷകള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് കുട്ടികള്‍ക്ക് താങ്ങാനാവുന്നതില്‍ അപ്പുറമാണ്. ചൂട് ശക്തിയാര്‍ജ്ജിക്കുന്നതിന് മുമ്പ് പരീക്ഷ അവസാനിപ്പിച്ചാല്‍ നല്ല രീതിയില്‍ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കാനും മികച്ച രീതിയില്‍ പരീക്ഷ എഴുതാനും കുട്ടികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് മാസത്തില്‍ തന്നെ പരീക്ഷകള്‍ തീര്‍ക്കുകയും സ്‌കൂളുകള്‍ നേരത്തേ അടയ്ക്കുകയും ചെയ്താല്‍ കൊടും ചൂടില്‍ സ്‌കൂളില്‍ വരുന്നതും പരീക്ഷ എഴുതുന്നതും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് മുതിര്‍ന്ന അധ്യാപകനായ അബ്ദുള്‍ ഹാദി മുസ്തഫയുടെ അഭിപ്രായം. പകരം കുട്ടികള്‍ക്ക് പഠന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഓഗസ്റ്റ് പകുതി മുതല്‍ അധ്യയന വര്‍ഷം ആരംഭിക്കാവുന്നതാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചൂടേറിയ സമയത്ത് നേരിട്ടുള്ള ക്ലാസ്സുകള്‍ ഒഴിവാക്കി പകരം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാവുന്നതാണെന്നും രക്ഷിതാക്കളിലൊരാളായ ലോജിസ്റ്റിക്സ് മാനേജര്‍ ആദര്‍ശ് ജോയ്, വീട്ടമ്മയായ സീന ലിജോയ്സ് എന്നിവര്‍ അഭിപ്രായപ്പെടുകയുണ്ടായി. അടുത്ത അധ്യയന വര്‍ഷം മുതില്‍ ഈ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് അധികൃതര്‍ തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും അവരോടൊപ്പം വിദ്യാര്‍ഥികളും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version