മസ്കറ്റ്: ഒമാനിൽ വിസാ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ട ഒമ്പതു വയസുകാരന്റെ മടക്കയാത്രക്ക് വഴിയൊരുക്കി റുവി കെ.എം.സി.സി. ഒരു വർഷത്തിലേറെയായി ഒമാനിൽ വ്യാജ റിക്രൂട്ട്മന്റ് ഏജന്റിന്റെ വലയിൽ അകപ്പെട്ട സ്ത്രീയുടെ നാട്ടിലുള്ള ഒമ്പതുവയസുകാരനായ മകനെ കഴിഞ്ഞ അഞ്ചു മാസം മുൻപായിരുന്നു പ്രലോഭനങ്ങൾ നൽകി ഒമാനിലെത്തിച്ചത്. കുട്ടിയുടെ പിതാവ് ഖത്തറിൽ ടാക്സി ജീവനക്കാരനായിരുന്ന കൊല്ലം സ്വദേശിയാണ് മകന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ആഴ്ച ഒമാനിലെത്തി റുവി കെ.എം.സി.സിയുടെ സഹായം തേടിയത്. തുടർന്ന് നടത്തിയ അന്യേഷണത്തിലാണ് സമാന്തരമായി വിസാ തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ വലയിലാണ് മാതാവും മകനുമെന്ന് മനസിലാക്കാൻ കഴിഞ്ഞത്.
പിതാവിന്റെ പരാതിയിൽ റോയൽ ഒമാൻ പോലീസിലും, കൊണ്ടോട്ടി പോലീസിലും പരാതി നൽകുകയും ശേഷം നാടകീയ രംഗങ്ങളിലൂടെയാണ് കുട്ടിയുടെ പാസ്പോർട്ട് കൊണ്ടോട്ടി പോലീസിന്റെ സഹായത്തോടെ നാട്ടിലുള്ള സംഘത്തിൽ നിന്ന് ലഭിക്കുകയും ചെയ്തു. കുട്ടിയുടെ പാസ്പോട്ട് നൽകാമെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പണം ആവശ്യപ്പെട്ട തട്ടിപ്പു സംഘത്തിലെ പ്രതിയെ കരിപ്പൂർ എയർപോർട്ട് എസ്.ഐ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കേരളത്തിൽ നിന്നും ഭീമമായ തുകക്ക് വിസ വിൽപന നടത്തി ആളുകളെ വ്യാജവിസ നൽകി ഒമാനിലെത്തിക്കുകയും ശേഷം പാസ്പോർട്ട് പോലും നൽകാതെ തെരുവിൽ അകപ്പെടുന്ന അവസ്ഥയിക്ക് തള്ളിവിടുകയും ചെയ്യുന്ന തട്ടിപ്പു സംഘങ്ങളെ കുറിച്ച് വിദേശകാര്യ മന്ത്രി വി.മുരളീധരനും, നിരവധി തവണ നാട്ടിലെ ഉന്നത മന്ത്രാലയങ്ങളിലും പരാതി നൽകിയിട്ടും യാതൊരു ഇടപെടലുകളും സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് കെ.എം.സി.സി നേതാക്കൾ ആരോപിച്ചു.