അബുദാബി: നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎഇയില്‍ മെഡിക്കല്‍ ലബോറട്ടറി അധികൃതര്‍ അടപ്പിച്ചു. പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മെഡിക്കല്‍ ലബോറട്ടറിയില്‍ ഹെല്‍ത്ത് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. മെഡിക്കല്‍ ലബോറട്ടറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തത്, ആരോഗ്യവകുപ്പിന്റെ നിയന്ത്രണങ്ങളും നയങ്ങളും സര്‍ക്കുലറുകളും പാലിക്കാത്തത്, പൊതുജനാരോഗ്യ സ്ഥിതിവിവരക്കണക്കുകളുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് റിപ്പോര്‍ട്ടിങ് സംവിധാനങ്ങളുടെ ലംഘനം എന്നിങ്ങനെയുള്ള നിയമലംഘനങ്ങള്‍ തെളിയിക്കപ്പെട്ടതായി വകുപ്പ് വിശദീകരിച്ചു.
പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ആവശ്യമായ എല്ലാ തിരുത്തല്‍ നടപടികളും സ്വീകരിക്കാന്‍ മെഡിക്കല്‍ ലബോറട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമങ്ങള്‍ പാലിക്കുന്നപക്ഷം ലൈസന്‍സ് പുതുക്കിനല്‍കും.
അബുദാബിയിലെ ആരോഗ്യ പരിപാലന സംവിധാനത്തിന്റെ കാര്യക്ഷമത കാത്തുസൂക്ഷിക്കുന്നതിനും സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ ലബോറട്ടറികള്‍ക്ക് ബാധ്യതയുണ്ടെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. അബുദാബി എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യസേവന സ്ഥാപനങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സേവന നിലവാരവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നത് തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
അബുദാബി ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി (എഡിഎഎഫ്എസ്എ) ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിന് നഗരത്തിലെ ഏതാനും റെസ്‌റ്റോറന്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചുപൂട്ടിയിരുന്നു. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന നേപ്പാളി ഹിമാലയന്‍ റെസ്റ്റോറന്റാണ് അവസാനമായി സീല്‍ ചെയ്തത്. അബുദാബി എമിറേറ്റിലെ 2008ലെ ഭക്ഷ്യസുരക്ഷാ നിയമം രണ്ടാം ചട്ടവും അനുബന്ധ നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച അബുദാബിയിലെ എവര്‍ ഗ്രീന്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റും അടുത്തിടെ അടപ്പിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പാത്രങ്ങള്‍ കഴുകുന്ന സിങ്ക്, പാത്രങ്ങള്‍ സൂക്ഷിക്കുന്ന ഭാഗം, ഭക്ഷണം തയ്യാറാക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ ചെറുപ്രാണികളെ കണ്ടെത്തുകയും റെഫ്രിജറേറ്ററുകളും പാകംചെയ്ത ഭക്ഷണം സൂക്ഷിക്കുന്ന ഉപകരണങ്ങളും ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. എമിറേറ്റിലെ നിയമം അനുശാസിക്കുന്ന എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും പാലിക്കുന്നതുവരെ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് അടച്ചുപൂട്ടല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.