മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ബലോന്‍ ദ് ഓര്‍ അര്‍ഹിക്കുന്നുണ്ടെന്ന് കോച്ച് കാര്‍ലോ ആഞ്ചലോട്ടി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വിനീഷ്യസ് ജൂനിയറിന്റെ ഗോളോടെയാണ് റയല്‍ വിജയമുറപ്പിച്ചത്. റയല്‍ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ്, ലാ ലീഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് വിജയങ്ങളില്‍ ബ്രസീലിയന്‍ താരം നിര്‍ണായക പങ്കാണ് വഹിച്ചത്. റയലിന്റെ 15-ാം ചാമ്പ്യന്‍സ് ലീഗ് നേടിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു ആഞ്ചലോട്ടി.
‘സംശയമേതുമില്ലാതെ പറയാം, വിനീഷ്യസ് ജൂനിയര്‍ ബലോന്‍ ദ് ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനാണ്’, ആഞ്ചലോട്ടി പറഞ്ഞു. റയലിന്റെ ക്ലബ്ബ് പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരെസും വിനീഷ്യസിന് പിന്തുണയുമായി രംഗത്തെത്തി. ‘വിനി തീര്‍ച്ചയായും ബലോന്‍ ദ് ഓര്‍ നേടണം. അക്കാര്യത്തില്‍ സംശയമൊന്നുമില്ല’, പെരെസ് മത്സരശേഷം പറഞ്ഞു.
വെംബ്ലിയില്‍ നടന്ന കലാശപ്പോരില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ആഞ്ചലോട്ടിയും സംഘവും വിജയിച്ചത്. 74-ാം മിനിറ്റില്‍ ഡാനി കാര്‍വാജലാണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. ഒന്‍പത് മിനിറ്റിന് ശേഷം വിനീഷ്യസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയാണ് റയല്‍ വിജയമുറപ്പിച്ചത്.