ദുബായ്: തന്റെ പ്രിയപ്പെട്ട കുതിരയുടെ വേര്‍പാടില്‍ വിലപിച്ച എട്ട് വയസ്സുകാരിയുടെ വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുട്ടിക്ക് കുതിരക്കൂട്ടത്തെ സമ്മാനമായി നല്‍കി. ലാനിയ ഫഖര്‍ എന്ന കുഞ്ഞു ജോക്കിക്ക് പരിശീലനം നല്‍കാന്‍ കേന്ദ്രം നിര്‍മ്മിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
ലാനിയ ഫഖര്‍ എന്ന ബാലിക തന്റെ പ്രിയപ്പെട്ട കുതിരയായ ജാസ്‌നോ മരിച്ചതോടെ ദുഃഖം താങ്ങാനാവാതെ വാവിട്ട് കരയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇറാഖിലെ ഏറ്റവും പ്രായം കുറഞ്ഞ ജോക്കിയാണ് ഫഖര്‍. അവളുടെ ഏക കുതിരയായിരുന്നു ജാസ്‌നോ. അടുത്തിടെ അസുഖം വന്നതിനെ തുടര്‍ന്ന് ജാസ്‌നോയെ പരിചരിക്കാന്‍ ശ്രമിച്ചെങ്കിലും ചത്തുപോവുകയായിരുന്നു.
ജാസ്‌നോയുടെ ശവക്കുഴിയിലേക്ക് ബാലിക ആപ്പിളും പഞ്ചസാരയും കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കുതിരസവാരി പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അശ്വാഭ്യാസിയായ ലാനിയ ഫഖറിന്റെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ പരിശീലന കേന്ദ്രം നിര്‍മ്മിക്കാന്‍ ഷെയ്ഖ് മുഹമ്മദ് നിര്‍ദേശിക്കുകയായിരുന്നു.