Gulf

Video: ഹൈഫ രാജകുമാരി സ്‌പെയിനിലെ സൗദി അംബാസഡര്‍; രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു

Published

on

റിയാദ്: സ്‌പെയിനിലെ സൗദി അറേബ്യയുടെ പുതിയ അംബാസഡറായി ഹൈഫ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍ മുഖ്‌രിന്‍ രാജകുമാരി ചുമതലയേറ്റു. സൗദി അറേബ്യയുടെ ആറാമത്തെ വനിതാ നയതന്ത്ര പ്രതിനിധിയാണിവര്‍. സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെയാണ് സൗദി വനിതകളെ കൂടുതലായി നിയമിക്കാന്‍ തുടങ്ങിയത്.

ഹൈഫ രാജകുമാരി ഇന്നലെ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2020ല്‍ ഹൈഫ രാജകുമാരിയെ യുനെസ്‌കോയിലെ സൗദി പ്രതിനിധിയായി നിയമിച്ചിരുന്നു. സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തില്‍ സുസ്ഥിര വികസനത്തിനും ജി 20 അഫയേഴ്‌സിനുമുള്ള ഡെപ്യൂട്ടി മന്ത്രിയായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാമ്പത്തിക ശാസ്ത്രത്തില്‍ കിങ് സൗദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും യുകെയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ (എസ്ഒഎഎസ്) ബിരുദാനന്തര ബിരുദവും നേടിയ ഹൈഫ രാജകുമാരിയുടെ കരിയര്‍ അക്കാദമിക മേഖലയിലും വ്യാപിച്ചുകിടക്കുന്നതാണ്. കിങ് സൗദ് യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ലക്ചററായി തുടങ്ങിയ അവര്‍ പിന്നീട് സാമൂഹിക വികസനത്തിലും മനുഷ്യാവകാശങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമില്‍ (യുഎന്‍ഡിപി) ചേര്‍ന്നു.

മറ്റ് അഞ്ച് നയതന്ത്ര പ്രതിനിധികളും ഇവര്‍ക്കൊപ്പം ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ജപ്പാന്‍, ഹംഗറി, മൗറീഷ്യസ്, ഉഗാണ്ട, ബള്‍ഗേറിയ എന്നീ രാജ്യങ്ങളിലേക്കുള്ള പുതിയ അംബാസഡര്‍മാരാണ് റിയാദിലെ രാജകൊട്ടാരത്തില്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. തങ്ങളുടെ മതത്തോടും രാജാവിനോടും രാജ്യത്തോടും വിശ്വസ്തരായിരിക്കുമെന്നും രഹസ്യങ്ങള്‍ സംരക്ഷിക്കുമെന്നും ആഭ്യന്തരമായും അന്തര്‍ദേശീയമായും രാഷ്ട്ര താല്‍പര്യങ്ങളും സംവിധാനങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രതിജ്ഞയെടുത്തു.

കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ രണ്ട് വനിതാ അംബാസഡര്‍മാരെ നിയമിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനിലേക്കും യൂറോപ്യന്‍ ആറ്റോമിക് എനര്‍ജി കമ്മ്യൂണിറ്റിയിലേക്കും സൗദി അറേബ്യയുടെ ദൗത്യത്തിന്റെ തലവനായി ഹൈഫ അല്‍ ജെദിയയെ നിയമിച്ചപ്പോള്‍ നെസ്‌റീന്‍ അല്‍ ഷെബെലിനെ ഫിന്‍ലന്‍ഡിലെ അംബാസഡറായും നിയമിക്കുകയുണ്ടായി. ഇതോടെ ആകെ വനിതാ പ്രതിനിധികളുടെ എണ്ണം അഞ്ചായി ഉയര്‍ന്നിരുന്നു.

യുഎസിലെ സൗദി അറേബ്യയുടെ അംബാസഡറായി റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി 2019 മുതല്‍ സേവനമനുഷ്ടിച്ചുവരികയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ വനിതയാണിവര്‍. അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധേയരായ നയതന്ത്ര പ്രമുഖയാണിവര്‍. സ്ത്രീശാക്തീകരണം, കായികം എന്നീ മേഖലകളിലും ഇവര്‍ അറിയപ്പെടുന്ന വ്യക്തിത്വവും സൗദിയുടെ ശബ്ദവുമാണ്.

സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കി 2018ല്‍ വനിതാശാക്തീകരണ രംഗത്ത് സൗദി സുപ്രധാന ചുവടുവയ്പ് നടത്തി. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സ്ത്രീകളുടെ ഡ്രൈവിങ് നിരോധനം നീക്കുകയായിരുന്നു. സൗദി വനിതകള്‍ക്ക് വിദൂര സ്ഥലങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്രചെയ്യാനും പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും പുരുഷ രക്ഷിതാവിന്റെ അനുമതി വേണമെന്ന നിയമം ഒഴിവാക്കിയത് സമീപകാലത്താണ്.

സൗദി സിവില്‍ ഏവിയേഷന്‍ വക്താവായി ഇബ്തിസം അല്‍ ഷിഹ്രി എന്ന വനിതയെ കഴിഞ്ഞ സെപ്റ്റംബറില്‍ നിയമിച്ചിരുന്നു. പൊതുജനങ്ങളുമായും മാധ്യമങ്ങളുമായും ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക, വിദേശ മാധ്യമങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനും വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുകയുമാണ് ഇവരുടെ ചുമതല.

കഴിഞ്ഞ ജൂലൈയില്‍ മനാല്‍ അല്‍ ലുഹൈബിയെ ജിദ്ദയിലെ സൗദി പോര്‍ട്ട് ഗവര്‍ണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറലായി തിരഞ്ഞെടുത്തിരുന്നു. രാജ്യത്ത് ഈ പദവി വഹിക്കുന്ന ആദ്യത്തെ വനിതയാണിവര്‍. അബ്ദുല്ല രാജാവിന്റെ കാലം മുതല്‍ സൗദി ശൂറ കൗണ്‍സിലില്‍ 20 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവയ്ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version