തിരുവനന്തപുരം: വര്‍ക്കലയില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ ട്രെയിനര്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കെതിരെ കേസെടുത്തു. അതേസമയം, ഫ്ളൈ അഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ കമ്പനി ഉടമകള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
വര്‍ക്കല പാപനാശത്താണ് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട കോയമ്പത്തൂര്‍ സ്വദേശിയായ പവിത്രയേയും ഇന്‍സ്ട്രക്ടറേയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് 100 മീറ്റര്‍ ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റില്‍ നിന്ന് ഇവരെ താഴെയിറക്കാനായത്. വര്‍ക്കല പൊലീസും ഫയര്‍ഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അതേസമയം, കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ആരോപണം ഉയരുന്നുണ്ട്. കോയമ്ബത്തൂര്‍ സ്വദേശിയായ യുവതിയില്‍ നിന്ന് പാരാഗ്ലൈഡ് ജീവനക്കാര്‍ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറില്‍ ഒപ്പിട്ടു വാങ്ങിച്ചിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയത്.