റിയാദ്: നിയമക്കുരുക്കിൽ കുടുങ്ങി നാട്ടിലേക്ക് പോകാൻ സാധിക്കാതെയിരുന്ന പ്രവാസി നാട്ടിലേക്ക്. തമിഴ്നാട് സ്വദേശി ഇമ്രാൻ ആണ് നാട്ടിലേക്ക് പോയത്. കെഎംസിസി ജിദ്ദ അൽ സഫ ഏരിയ കമ്മിറ്റിയാണ് ഇദ്ദേഹത്തെ നാട്ടിലേക്ക് പോകുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നത്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, നിരവധി രോഗങ്ങളാൽ വലിയ ബുദ്ധിമുട്ടിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. ജിദ്ദയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം അവിചാരിതമായാണ് ഒരു കേസിൽ കുടുങ്ങിയത്.
ഇമ്രാന്‍റെ പേരിൽ ഉണ്ടായിരുന്ന കേസിന്റെ നഷ്ടപരിഹാര തുകയായ 4,000 റിയാൽ കെഎംസിസി പ്രവർത്തകർ അടച്ചു. താമസരേഖയുടെ അവധി തെറ്റിപോയതിനാൽ വന്ന ഫെെൻ എല്ലാം അടച്ച ശേഷം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് ലഭ്യമാക്കി. തുടർന്ന് നാട്ടിലേക്ക് കയറ്റി അയ്ക്കുകയുമായിരുന്നു. ഒരു വർഷത്തോളമായി തനിക്ക് ഭക്ഷണം നൽകിവന്ന സഫ ഹോട്ടലിലെ അംഗങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. തനിക്ക് വേണ്ട താമസ സൗകര്യവും, ഭക്ഷണവും നൽകിയ അവരെ ഒരിക്കലും മറക്കില്ലെന്നും തന്റെ നന്ദി എപ്പോഴും ഉണ്ടായിരിക്കുമെന്ന് ഇമ്രാൻ അറിയിച്ചു. കെഎംസിസി പ്രവർത്തകർകർ ആണ് ഇദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകിയത്.