വന്ദേഭാരത് ട്രെയിനുകളിൽ ആൾത്തിരക്കിന് കുറവൊന്നുമില്ല. എങ്കിലും വന്ദേഭാരതി കയറുന്നവരിൽ സാധാരണക്കാർ വളരെ കുറവാണെന്നത് സുവ്യക്തമാണ്. കാരണം, ഈ അർദ്ധ അതിവേഗ ട്രെയിൻ സർവ്വീസ് വന്നതിനു ശേഷവും മറ്റ് ട്രെയിനുകളിലെ ജനറൽ കമ്പാർട്ടുമെന്റുകളിലുള്ള തിക്കിനും തിരക്കിനും യാതൊരു കുറവും വന്നിട്ടില്ല. സാധാരണ ട്രെയിനുകളിലെ സ്ലീപ്പർ, സിറ്റിങ് കമ്പാർട്ടുമെന്റുകളിലും വന്ദേഭാരത് വന്നതിന്റെ തിരക്കുകുറവ് അനുഭവപ്പെടുന്നില്ല. വന്ദേഭാരത് ട്രെയിനുകൾ ഒരു പ്രത്യേക ക്ലാസിൽ പെട്ടവർക്കു മാത്രമേ ഉപകരിക്കുന്നുള്ളൂ. ഈ പ്രശ്നം പരിഹരിക്കാനാണ് വന്ദേ സാധാരൺ വരുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ സാധാരണക്കാർക്ക് വേണ്ടിയുള്ള ട്രെയിൻ.
വന്ദേ സാധാരൺ ട്രെയിനുകൾ പൂർണ്ണമായും നോൺ ഏസിയായിരിക്കും. ഇതുവഴി ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സാധിക്കും. ഇവയിൽ സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകളും ഉണ്ടായിരിക്കും.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഇതിനകംതന്നെ നോൺ-ഏസി വന്ദേ സാധാരൺ ട്രെയിനിന്റെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ട്രെയിനുകൾ ട്രാക്കിലിറങ്ങിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായി ട്രെയിനുകൾ സജീവമായി ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതെസമയം ട്രെയിനിന്റെ വേഗത സംബന്ധിച്ച് വ്യക്തതയൊന്നും ഇതുവരെയുള്ള റിപ്പോർട്ടുകളിൽ ഇല്ല.
വന്ദേഭാരത് ട്രെയിനുകൾക്ക് സമാനമായ രീതിയിൽ മുന്നിലും പിന്നിലുമായി രണ്ട് ലോക്കോമോട്ടീവ് ഉണ്ടായിരിക്കും. ഇതുവഴി ഗതിവേഗം ഉറപ്പിക്കാനാകും. 24 കോച്ചുകളാണ് വന്ദേ സാധാരൺ ട്രെയിനുകളിൽ ഉണ്ടാവുക. കോച്ചുകളിൽ സാധാരണ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന സൗകര്യങ്ങളുണ്ടാകും. വന്ദേഭാരതിന് സമാനമായ രീതിയിൽ ഓട്ടോമാറ്റിക് ഡോറുകളാണ് ഇവയ്ക്കുണ്ടാവുക. സിസിടിവി ക്യാമറകളും ഉണ്ടായിരിക്കും.
ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം വന്ദേഭാരത് ട്രെയിനുകളിൽ സാധാരണക്കാർക്ക് സഞ്ചരിക്കാൻ കഴിയില്ലെന്ന ഒരു വിമർശനം ഉയർന്നിരുന്നു. വന്ദേഭാരത് ഉദ്ഘാടനങ്ങൾ നടക്കുമ്പോഴെല്ലാം ജനറൽ കമ്പാർട്ടുമെന്റുകളിലെ തിരക്കുകൾ ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഒരു ആഡംബര ട്രെയിനിന്റെ ചിത്രം ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കടുത്ത വിമർശനങ്ങളാണ് മറുപടിയായി കിട്ടിയത്. സാധാരണക്കാർക്കു വേണ്ടി എന്താണ് സർക്കാർ ചെയ്യുന്നതെന്ന് ചോദ്യങ്ങളുയർന്നു. ജനറൽ കമ്പാർട്ടുമെന്റുകളിലെ ദുരിതയാത്രയുടെ ചിത്രങ്ങൾ ആ ട്വീറ്റിന് മറുപടിയായി നിറയുകയുണ്ടായി.
ഈ സംഭവത്തിനു പിന്നാലെയാണ് വന്ദേ സാധാരൺ ട്രെയിൻ വരുന്നതെന്നത് ശ്രദ്ധേയമാണ്.