India

ലോകോത്തരമാകാൻ ഇന്ത്യൻ റെയിൽവേ; വരും 3 തരം ട്രെയിനുകൾ

Published

on

ന്യൂഡൽഹി: ബ്രിട്ടീഷ് കാലം മുതലുള്ള പാരമ്പര്യമുണ്ടെങ്കിലും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇന്ത്യൻ റെയിൽവേ പിന്നിലാണ്. 1990കളിൽ ജ‍ർമൻ സാങ്കേതികസഹായത്തോടെ എൽഎച്ച്ബി കോച്ചുകൾ അവതരിപ്പിച്ചതിനു ശേഷം ഇന്ത്യൻ ട്രെയിനുകൾക്ക് ഉണ്ടായ ഏറ്റവും വലിയ മാറ്റമായിരുന്നു വന്ദേ ഭാരത് ട്രെയിനുകളുടെ കടന്നുവരവ്. ഇന്ത്യ തദ്ദേശീയമായി നി‍ർമിച്ച സെമി ഹൈസ്പീഡ് ട്രെയിനു ശേഷം പുതുതായി ചില മാറ്റങ്ങൾക്കു കൂടി ഒരുങ്ങുകയാണ് റെയിൽവേ. വലിയ മുതൽമുടക്കിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം നടത്തുന്ന നീക്കങ്ങൾ ഫലം കണ്ടാൽ മുൻപു കാണാത്ത വിധമുള്ള റെയിൽവേയുടെ വികസനത്തിനായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുക.

വന്ദേ ഭാരതിനു വഴിമാറാൻ ശതാബ്ദി ട്രെയിനുകൾ

ഇതിനോടകം തന്നെ യാത്രക്കാരുടെ പ്രിയം പിടിച്ചുപറ്റിയ വന്ദേ ഭാരത് ട്രെയിനുകൾ പൂ‍ർണമായും ചെയർ കാറാണ്. ആയിരം കിലോമീറ്ററിൽ താഴെ മാത്രമുള്ള നഗരാന്തര യാത്രകൾക്കായാണ് ഈ ട്രെയിൻസെറ്റ് വികസിപ്പിച്ചത്. വരുന്ന രണ്ട് വ‍ർഷത്തിനുള്ളിൽ പുതിയ 200 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവേയുടെ പദ്ധതി. നിലവിൽ ശതാബ്ദി, ജനശതാബ്ദി ട്രെയിനുകൾ ഓടുന്ന റൂട്ടുകളിലായിരിക്കും വന്ദേ ഭാരത് വിന്യസിക്കുക. പൂ‍ർണമായും ശീതീകരിച്ച ആധുനിക വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തുന്നതോടെ ഈ റൂട്ടിലെ ശതാബ്ദി റേക്കുകൾ മറ്റു ട്രെയിനുകൾക്കായി ഉപയോഗിക്കും.

ദീ‍ർഘദൂര യാത്രകൾക്കും ഇനി ആധുനിക മുഖം

റെയിൽവേയുടെ നിയന്ത്രണത്തിലുള്ള കോച്ചുകളിൽ ഏറ്റവുമധികവും സ്ലീപ്പ‍ർ കോച്ചുകളാണ്. ഫസ്റ്റ് എസി, കൂപ്പെ, ടൂ ടയ‍ർ, ത്രീ ടയർ എസി സ്ലീപ്പ‍ർ, ശീതീകരിക്കാത്ത സ്ലീപ്പർ കോച്ചുകൾ എന്നിങ്ങനെ നിലവിൽ സർവീസ് നടത്തുന്ന ഭൂരിഭാഗം ട്രെയിനുകളിലും സ്ലീപ്പർ കോച്ചുകളുണ്ട്. നീല നിറത്തിലുള്ള അകത്തളങ്ങളോടു കൂടിയ ഈ സ്ലീപ്പർ കോച്ചുകളാണ് വർഷങ്ങളായി ഇന്ത്യൻ റെയിൽവേയുടെ മുഖം. ഇടക്കാലത്ത് പുറത്തിറങ്ങിയ എൽഎച്ച്ബി കോച്ചുകളിൽ മാത്രമാണ് ഇക്കാര്യത്തിൽ വ്യത്യാസമുള്ളത്. എന്നാൽ ഈ സാമ്പത്തികവർഷം തന്നെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറക്കാനാണ് റെയിൽവേയുടെ പദ്ധതി. നിലവിലുള്ള വന്ദേ ഭാരത് ട്രെയിനുകളുമായി പുറമെ വലിയ വ്യത്യാസങ്ങൾക്ക് ഇടയില്ലെങ്കിലും ദീ‍ർഘദൂരയാത്രകൾക്കുള്ള അധികസൗകര്യങ്ങൾ ഈ ട്രെയിനുകളിൽ ഉണ്ടാകും.

ഇരിക്കാനുള്ള സീറ്റുകൾക്ക് പകരമായി പല ക്ലാസുകളിലായി ബെർത്തുകളായിരിക്കും പുതിയ ട്രെയിനിൽ ഉണ്ടാകുക. വന്ദേ ഭാരത് കോച്ചുകൾക്ക് അധികം കുലുക്കമോ ശബ്ദമോ ഇല്ലെന്നത് യാത്ര കൂടുതൽ സുഖകരമാക്കും. പ്രത്യേക എൻജിനില്ലാതെ കോച്ചുകളുടെ അടിയിലെ ഇലക്ട്രിക് മോട്ടറുകൾ വഴി ചലിക്കുന്ന ട്രെയിൻ പെട്ടെന്നു തന്നെ വേഗമാ‍ർജിക്കും. യൂറോപ്പിലും മറ്റും കാണുന്ന ട്രെയിനുകളുടേതു പോലെ ആധുനികമായിരിക്കും ഉൾഭാഗം. വൃത്തിയുള്ള ശുചിമുറികൾ, വെളിച്ചമുള്ള ക്യാബിനുകൾ, തനിയെ പ്രവർത്തിക്കുന്ന വാതിലുകൾ തുടങ്ങി ഒട്ടേറെ പുതിയ സംവിധാനങ്ങളും സ്ലീപ്പർ ട്രെയിനുകളിലുണ്ടാകും. പൂർണമായും ശീതീകരിച്ചവയായിരിക്കും കോച്ചുകൾ. നിലവിലുള്ള ശതാബ്ദി ട്രെയിനുകളും മറ്റു പ്രീമിയം ട്രെയിനുകളും ഘട്ടം ഘട്ടമായി വന്ദേ ഭാരതിലേയ്ക്ക് മാറും. മുൻപ് ട്രെയിൻ 20 എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഈ ട്രെയിനുകൾ പുറത്തിറങ്ങുമ്പോൾ മറ്റൊരു പേര് സ്വീകരിക്കാനും സാധ്യതയുണ്ട്. ഏതെല്ലാം റൂട്ടുകളിലായിരിക്കും ആദ്യഘട്ടത്തിൽ ഈ ട്രെയിനുകൾ വിന്യസിക്കുക എന്ന് വ്യക്തതയില്ല.

ചെറുനഗരങ്ങളിലേയ്ക്കും നിലവിലെ ട്രാക്കിൽ ‘മെട്രോ’

വലിയ നഗരങ്ങളുടെ മാത്രം മുഖമുദ്രയായ മെട്രോ ട്രെയിനുകളുടെ സ്വഭാവമുള്ള ഹ്രസ്വദൂര ട്രെയിനുകൾ അവതരിപ്പിക്കാനുള്ള തിരക്കിലാണ് റെയിൽവേ. മുംബൈ സബർബൻ ട്രെയിനുകളിൽ ഉപയോഗിക്കുന്ന എമു ട്രെയിനുകൾക്ക് പകരമായി വൈകാതെ ഇവ എത്തിയേക്കാം. വന്ദേ ഭാരത് ട്രെയിനുകളുമായി സാങ്കേതികവിദ്യ പങ്കിടുന്ന ഈ ‘വന്ദേ മെട്രോ’ ട്രെയിനുകൾ 2024ലായിരിക്കും പുറത്തിറങ്ങുക. 130 കിലോമീറ്റർ വരെ പരമാവധി വേഗം ആർജിക്കാൻ കഴിയുന്ന ഈ ട്രെയിനുകൾ വലിയ നഗരങ്ങളിലേയ്ക്ക് നഗരത്തിനു പുറത്തു നിന്നുള്ള ദിവസയാത്രക്കാരെ എത്തിക്കാനും ചെറുനഗരങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് സർവീസ് നടത്താനും ഉപകരിക്കും. ചെറുയാത്രകൾക്ക് ഇണങ്ങുന്ന സീറ്റുകളും കൂടുതൽ യാത്രക്കാർക്കു നിന്നുകൊണ്ട് യാത്ര ചെയ്യാനുള്ള സ്ഥലവും ഈ കോച്ചുകളിൽ ഉണ്ടാകും. റീജിയണൽ റെയിൽ എന്ന പേരിൽ വിദേശത്ത് അറിയപ്പെടുന്ന ഇത്തരം ആധുനിക ട്രെയിനുകൾ ഇന്ത്യയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്.

കോച്ചുകൾ ആധുനികവത്കരിക്കുന്നതോടൊപ്പം നിലവിലെ ട്രാക്കിൽ തന്നെ മാറ്റങ്ങൾ വരുത്താനും കൂടുതൽ വേഗത്തിൽ സുരക്ഷിതമായി സർവീസ് നടത്താനും റെയിൽവേ ശ്രമിക്കുന്നുണ്ട്. വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്ന റൂട്ടുകളിലായിരിക്കും ആദ്യഘട്ടത്തിൽ മാറ്റം. കൂടാതെ തിരക്കേറിയ പ്രധാന റൂട്ടുകളിൽ ലോക്ക് ആൻ്റ് ബ്ലോക്ക് സിഗ്നലിങ് സംവിധാനം നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ മുന്നേറുകയാണ്. കൂടുതൽ വേഗത്തിൽ ട്രെയിനുകൾ സർവീസ് നടത്താനും നിലവിലെ ട്രാക്കിൽ കൂടുതൽ ട്രെയിനുകൾ വിന്യസിക്കാനും ഇതുവഴി സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version