ജിദ്ദ: 2024ലെ ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കുന്നതിന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ സൗദിയിലേക്ക്. ജനുവരി ഏഴ് ഞായറാഴ്ചയാണ് മന്ത്രിമാര്‍ ജിദ്ദയിലെത്തുക.
വിദേശ-ആഭ്യന്തര ഹജ്ജ് ക്വാട്ടകളില്‍ ഇത്തവണ മാറ്റമുണ്ടാകില്ലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് 1,75,000 പേരാണ് ഇത്തവണ ഹജ്ജിനെത്തുക. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയും സ്വകാര്യ ഹജ്ജ് യാത്രാ ഓപറേറ്റര്‍മാര്‍ വഴിയും ഇന്ത്യയില്‍ നിന്ന് തീര്‍ത്ഥാടകരുണ്ടാവും. ഇന്ത്യന്‍ ഹാജിമാരുടെ രജിസ്ട്രേഷന്‍ കഴിഞ്ഞ ഡിസംബര്‍ നാലിന് ആരംഭിച്ചിരുന്നു.
കേരളത്തിന് ഇത്തവണയും മൂന്ന് വിമാനത്താവളങ്ങള്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി അനുവദിച്ചേക്കും. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് മൂന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളുള്ളത്. ഈ വര്‍ഷം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കേരളം, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ഹാജിമാരെത്തുക. കഴിഞ്ഞ വര്‍ഷം മുതല്‍ മഹ്‌റമില്ലാതെ സ്ത്രീകള്‍ക്ക് സൗദി ഹജ്ജിന് അനുവാദം നല്‍കിയിരുന്നു.
ഹജ്ജ് കരാര്‍ ഒപ്പിടുന്നതിന് മുമ്പായി കേന്ദ്ര മന്ത്രിമാരും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ, വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. ഹജ് കരാറൊപ്പിടല്‍ ചടങ്ങിനു ശേഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രതിനിധികള്‍ക്ക് കേന്ദ്രമന്ത്രിമാരുമായി സംവാദം നടത്തുന്നതിനുള്ള സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് ഭിന്നമായി ഹജ്ജ് കരാര്‍ ഒപ്പിടാനെത്തുന്ന സമയത്ത് കേന്ദ്ര മന്ത്രിമാര്‍ പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കുന്ന അപൂര്‍വ അവസരമാണിത്. രണ്ട് കേന്ദ്രമന്ത്രിമാര്‍ ഹജ്ജ് കരാറൊപ്പിടാന്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിക്കാനുള്ള വേദിയായി ഇത് മാറുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ജിദ്ദ കോണ്‍സുലേറ്റ് നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അസീസിയയിലും മറ്റുമായി 470 കെട്ടിടങ്ങളിലായി 3,500 മുറികളാണ് ലഭ്യമാക്കിയിരുന്നത്. ആഭ്യന്തര യാത്രയ്ക്ക് 600 ബസ്സുകളും ഒരുക്കി. സൗദി അധികൃതര്‍ ഹാജിമാര്‍ക്ക് സൗജന്യ ചികില്‍ത്സ നല്‍കുന്നുണ്ടെങ്കിലും മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള സംഘങ്ങള്‍ ഇത്തവണയും പുണ്യനഗരികളിലുണ്ടാവും. ഹജ്ജ് വോളന്റിയര്‍മാരായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ സംഘവുമുണ്ടാവും.
സൗദി അധികൃതര്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങളിലും ചിട്ടയായ പ്രവര്‍ത്തനങ്ങളിലും കേന്ദ്ര-കേരള ഹജ്ജ് കമ്മിറ്റികള്‍ കഴിഞ്ഞ തവണ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹാജിമാരുടെ സുരക്ഷക്കും സേവനത്തിനുമായി കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ സൗദി ഭരണകൂടം നേരത്തേ ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള തീര്‍ഥാടകര്‍ക്ക് സൗദി ഹജ്ജ് മന്ത്രാലയത്തിന് കീഴിലുള്ള നുസുക് പ്ലാറ്റ് ഫോം വഴി ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാന്‍ ഇത്തവണ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ കമ്മ്യൂണിക്കേഷന്‍ (സിഐസി) സൗകര്യമൊരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ അവസാനമാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ അവസാനമായി സൗദി അറേബ്യ സന്ദര്‍ശിച്ചത്. സുഡാനിലെ സംഘര്‍ഷകാലത്ത് അവിടെയുള്ള ഇന്ത്യക്കാരെ സൗദി വഴി നാട്ടിലെത്തിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഒരാഴ്ച ജിദ്ദയിലുണ്ടായിരുന്ന അദ്ദേഹം ‘ഓപറേഷന്‍ കാവേരി’യുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി.