Gulf

യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ പിഴ

Published

on

അബുദാബി: യുഎഇയില്‍ ആവിഷ്‌കരിച്ച തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രാജ്യത്ത എല്ലാ തൊഴിലാളികളും നിര്‍ബന്ധമായും ചേരണമെന്ന് മാനവവിഭവശേഷി മന്ത്രാലയം. തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന് പുതിയ സമയപരിധിയും പ്രഖ്യാപിച്ചു. വരുന്ന ഒക്ടോബര്‍ ഒന്നിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ തൊഴിലാളിയുടെ പേരില്‍ 400 ദിര്‍ഹം പിഴ ചുമത്തും.

നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി മാസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. 2023 ജൂണ്‍ 30 മുതല്‍ രജിസ്‌ട്രേഷനും ആരംഭിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി 2023 ഒക്ടോബര്‍ ഒന്നു വരെയാണ് നീട്ടിയത്.

ജോലി നഷ്ടപ്പെട്ടാല്‍ അവസാന ആറ് മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം മൂന്ന് മാസത്തേക്ക് ജീവനക്കാരന് നഷ്ടപരിഹാരം ലഭിക്കുന്നതാണ് തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി. തൊഴില്‍ നഷ്ടപ്പെട്ട ദിവസം മുതല്‍ തീയതി കണക്കാക്കും. അച്ചടക്കമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാലാണ് തുക ലഭിക്കുക.

സ്വകാര്യ മേഖലയിലും ഫെഡറല്‍ ഗവണ്‍മെന്റിലും ഫ്രീ സോണുകളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഇന്‍വോലന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് എന്നും ഇത് അറിയപ്പെടുന്നു. നിക്ഷേപകര്‍, വീട്ടുജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ള താമസക്കാര്‍, റിട്ടയര്‍മെന്റ് പെന്‍ഷന്‍ നേടുന്നവര്‍, പുതിയ ജോലി ആരംഭിച്ചവര്‍, വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജനുവരി മുതല്‍ 4.6 ദശലക്ഷം ജീവനക്കാര്‍ പദ്ധതിയില്‍ ചേര്‍ന്നു. രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്ക്, പ്രത്യേകിച്ച് ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് പദ്ധതി വലിയ അനുഗ്രഹമാവുമെന്നാണ് കരുതപ്പെടുന്നത്. ജോലി നഷ്ടമായാല്‍ പുതിയ ജോലി കണ്ടെത്തുന്നതിനായി രാജ്യത്ത് പിടിച്ചുനില്‍ക്കാന്‍ ഈ തുക ഉപകരിക്കും. മൂന്നുമാസം വരെ സാവകാശം ലഭിക്കുന്നതിന് തുല്യമാണിത്.

തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ജീവനക്കാരന്റെ ഉത്തരവാദിത്തമാണ്. തൊഴിലുടമയ്ക്ക് ഇക്കാര്യത്തില്‍ ബാധ്യതയില്ല. പ്രതിമാസം 5 ദിര്‍ഹവും വാറ്റുമാണ് ഇന്‍ഷുറന്‍സ് പ്രീമിയം ആയി അടയ്‌ക്കേണ്ടത്. പ്രതിമാസ, ത്രൈമാസ, അര്‍ധ വാര്‍ഷിക, വാര്‍ഷിക അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് തുക അടയ്ക്കാന്‍ സൗകര്യമുണ്ട്. 16,000 ദിര്‍ഹത്തിന് മുകളില്‍ അടിസ്ഥാന ശമ്പളം നേടുന്ന ജീവനക്കാര്‍ പ്രതിമാസം 10 ദിര്‍ഹം നല്‍കേണ്ടതുണ്ട്. ഇവര്‍ക്കും നാല് ഓപ്ഷനുകളില്‍ പണമടയ്ക്കാവുന്നതാണ്. അധിക ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്.

നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന്, ജീവനക്കാരന്‍ തുടര്‍ച്ചയായി 12 മാസത്തില്‍ കുറയാത്ത കാലയളവിലേക്ക് സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ജോലി നഷ്ടമായി 30 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണം. മറ്റൊരു ജോലിയില്‍ ചേരുന്നതുവരെയുള്ള ദിവസത്തിനാണ് നഷ്ടരിഹാരം ലഭിക്കുക. ജോലി നഷ്ടമായി രാജ്യംവിടുന്നത് വരെയുള്ള ദിവസവും തുക ലഭിക്കും. അതായത്, ജീവനക്കാരന്‍ മറ്റൊരു ജോലിയില്‍ ചേരുന്ന തീയതി മുതലും രാജ്യംവിട്ട ദിവസം മുതലും നഷ്ടപരിഹാരം ലഭിക്കില്ല.

തൊഴിലാളികള്‍ക്ക് ഇന്‍വോലന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് എന്ന ഇന്‍ഷുറന്‍സ് വെബ്‌സൈറ്റ് www.iloe.ae വഴിയും അതിന്റെ ആപ്പ്, എടിഎമ്മുകള്‍, ബിസിനസ് സര്‍വീസ് സെന്ററുകള്‍, അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്, ബാങ്കിങ് ആപ്ലിക്കേഷനുകള്‍, ടെലികോം കമ്പനികളുടെ ബില്ലുകള്‍, ടെക്‌സ്റ്റ് മെസേജുകള്‍ എന്നിവയിലൂടെയും പദ്ധതിയില്‍ ചേരാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version