Sports

അപരാജിതം ഇന്ത്യ; ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ബംഗ്ലാദേശിനെ തകർത്തു

Published

on

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ ആധിപത്യം തുടരുന്നു. ഉസ്ബെക്കിസ്ഥാനെയും സിം​ഗപ്പൂരിനെയും പാകിസ്താനെയും ജപ്പാനെയും തകർത്ത ഇന്ത്യയുടെ ഇന്നത്തെ ഇര ബം​ഗ്ലാദേശായിരുന്നു. എതിരില്ലാത്ത 10 ​ഗോളിന് ബം​ഗ്ലാ കടുവകളെ തകർത്ത് ഇന്ത്യ പൂൾ ചാമ്പ്യന്മാരായി സെമിയിലേക്ക് എത്തി. ഒക്ടോബർ നാലിനാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഇന്ത്യ ​ഗോൾ വല ചലിപ്പിച്ചു തുടങ്ങി. നായകൻ ഹർമ്മൻപ്രീത് സിം​ഗ് വഴിയായിരുന്നു ഇന്ത്യയുടെ ആദ്യ ​ഗോൾ. തൊട്ടടുത്ത മിനിറ്റിൽ ഹർമ്മൻപ്രീത് വീണ്ടും വലചലിപ്പിച്ചു. നാല് മിനിറ്റിൽ ഇന്ത്യ 2-0ത്തിന് മുന്നിലായി. പെനാൽറ്റി കോർണർ വഴിയായിരുന്നു ഇന്ത്യയുടെ രണ്ട് ​ഗോളുകളും പിറന്നത്. പിന്നീട് കുറച്ച് സമയം ബം​ഗ്ലാദേശ് താരങ്ങൾക്ക് ആശ്വാസം ലഭിച്ചു. ആദ്യ ക്വാർട്ടറിൽ വീണ്ടും ​ഗോൾ പിറന്നില്ല. എങ്കിലും പന്തിന്റെ നിയന്ത്രണം ഇന്ത്യൻ താരങ്ങളുടെ സ്റ്റിക്കുകളിലായിരുന്നു.

രണ്ടാം ക്വാർട്ടർ തുടങ്ങിയതും ഇന്ത്യ വീണ്ടും ​ഗോൾ വേട്ട തുടങ്ങി. 17-ാം മിനിറ്റിൽ മൻപ്രീത് സിം​ഗ് മൂന്നാം ​ഗോൾ നേടി. അഭിഷേകിന്റെ മികച്ച ഒരു സ്ക്വയറിലൂടെയാണ് മൂന്നാം ​ഗോൾ പിറന്നത്. 23-ാം മിനിറ്റിൽ വീണ്ടും അഭിഷേകിന്റെ നിസ്വാർത്ഥ പ്രകടനം. ഇത്തവണ ലളിത് കുമാർ ഉപാധ്യയാണ് വലചലിപ്പിച്ചത്. തൊട്ടടുത്ത മിനിറ്റിൽ മൻദീപ് സിം​ഗിന്റെ രണ്ടാം ​ഗോൾ പിറന്നു. ഇന്ത്യൻ സ്കോർ 5-0. 28-ാം മിനിറ്റിൽ അമിത് രോഹിദാസിന്റെ ഊഴമായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 6-0ത്തിന് മുന്നിലെത്തി.

മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിൽ ഇന്ത്യയുടെ ഏഴാം ​ഗോൾ പിറന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് ​സിം​ഗിന്റെ ഹാട്രിക് കൂടിയായിരുന്നു അത്. പിന്നീട് കുറച്ച് സമയം പിടിച്ചുനിൽക്കാൻ ബം​ഗ്ലാദേശിന് കഴിഞ്ഞു. തുടർച്ചയായുള്ള ഇന്ത്യൻ ആക്രമണങ്ങളെ ബം​ഗ്ലാദേശ് പ്രതിരോധിച്ചു നിന്നു. എന്നാൽ കടുവകളുടെ പ്രതിരോധം അധികം നീണ്ടില്ല. 41-ാം മിനിറ്റിൽ അഭിഷേകിന്റെ 25 യാർഡ് സൈഡിൽ നിന്നുള്ള കിടിലൻ ഷോട്ട് ഇന്ത്യയുടെ ലീഡ് ഉയർത്തി. മൂന്നാം ക്വാർട്ടർ ഇന്ത്യ എട്ട് ​ഗോളിന്റെ ലീഡോടെ അവസാനിപ്പിച്ചു.

നാലാം ക്വാർട്ടറും ഇന്ത്യൻ ​ഗോളോടെയാണ് തുടങ്ങിയത്. ഇത്തവണ മൻദീപ് സിം​ഗ് ഹാട്രിക് പൂർത്തിയാക്കി. പിന്നെ അധികം താമസിച്ചില്ല. ഇന്ത്യൻ ​ഗോൾ നില രണ്ടക്കം കടന്നു. അഭിഷേകിന്റെ ​ഗോൾ ശ്രമം പരാജയപ്പെട്ടപ്പോൾ നീലകണ്ഠ ശർമ്മ സ്കോർ ചെയ്തു. അപ്പോഴും മത്സരം തീരാൻ 13 മിനിറ്റ് ബാക്കിയുണ്ടായിരുന്നു. കുറച്ച് സമയം പിടിച്ച് നിന്ന ശേഷം ബം​ഗ്ലാദേശിന്റെ വല വീണ്ടും ചലിച്ചു. 56-ാം മിനിറ്റിൽ സമിതിന്റേതായിരുന്നു ഇത്തവണത്തെ ഊഴം. തൊട്ടടുത്ത മിനിറ്റിൽ തന്നെ ഇന്ത്യയുടെ 12-ാം ​ഗോളും വന്നു. അഭിഷേക് ആയിരുന്നു ​ഗോൾ നേടിയത്. അവസാന നിമിഷം വരെ ഇന്ത്യയുടെ ​ഗോൾ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ബം​ഗ്ലാദേശിനെ 12-0ത്തിന് തകർത്തതോടെ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ ആകെ ​ഗോൾ നേട്ടം 58 ആയി. വഴങ്ങിയത് വെറും അഞ്ച് ​ഗോൾ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version