മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിയിൽ സമനില പിടിച്ച് റയൽ മാഡ്രിഡ്. 83-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് വിനിഷ്യസ് ജൂനിയർ റയലിനെ ഒപ്പമെത്തിച്ചു. മത്സരത്തിൽ ബയേൺ മ്യൂണികും റയൽ മാഡ്രിഡും രണ്ട് ഗോളുകൾ വീതം നേടി. 24-ാം മിനിറ്റിലെ ഗോളിലൂടെ റയലാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. വിനിഷ്യസ് ജൂനിയർ തന്നെയാണ് റയലിന്റെ ആദ്യ ഗോളും നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിൽക്കാനും റയൽ മാഡ്രിഡിന് സാധിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ബയേൺ മ്യൂണിക് തിരിച്ചടിച്ചു. 53-ാം മിനിറ്റിൽ ലീറോയ് സാനെ നേടിയ ഗോൾ ബയേണിനെ ഒപ്പമെത്തിച്ചു. 57-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഹാരി കെയ്നും വലയിലാക്കി.
മത്സരം അവസാനിക്കാൻ എട്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ റോഡ്രിഗോയെ ഫൗൾ ചെയ്തതിനാണ് റയലിന് പെനാൽറ്റി അനുവദിക്കപ്പെട്ടത്. ഈ അവസരം ഗോളാക്കി മാറ്റി മത്സരം 2-2ന് സമനിലയിലാക്കാൻ റയലിന് കഴിഞ്ഞു. മെയ് ഒമ്പതിനാണ് രണ്ടാം പാദ സെമി നടക്കുക. നാളെ പുലർച്ചെ നടക്കുന്ന രണ്ടാം സെമിയിൽ പി എസ് ജിയും ബൊറൂസ്യ ഡോർട്ട്മുണ്ടും ഏറ്റുമുട്ടും.