അബുദാബി: സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാതെ ഒറ്റ വിസയില്‍ ഒന്നിലധികം തവണ യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതാണ് അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ദുബായ് ഈ വിസ ആവിഷ്‌കരിച്ചിരിക്കുന്നത്. യുഎഇയിലെ ബിസിനസുകാര്‍ക്കും കുടുംബ സന്ദര്‍ശകര്‍ക്കും ഇത് ഉപകാരപ്പെടും.
ഓരോ തവണയും രാജ്യത്ത് പ്രവേശിച്ചാല്‍ 90 ദിവസം വരെ തങ്ങാന്‍ അനുവാദമുണ്ട്. ആവശ്യമെങ്കില്‍ 180 ദിവസം വരെ നീട്ടുകയും ചെയ്യാം. എല്ലാ രാജ്യക്കാര്‍ക്കും അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കാം. 2021 മാര്‍ച്ചിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഒരു കാബിനറ്റ് സെഷനില്‍ അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വിസ പദ്ധതി പ്രഖ്യാപിക്കുന്നത്.
അഞ്ച് വര്‍ഷ വിസയ്ക്ക് അപേക്ഷിക്കേണ്ടവിധം
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റ് അല്ലെങ്കില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് (ജിഡിആര്‍എഫ്എ) വഴി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. യുഎഇയിലുള്ള അപേക്ഷകര്‍ക്ക് അമീര്‍24/7 ഇമിഗ്രേഷന്‍ സേവന കേന്ദ്രങ്ങള്‍ പോലുള്ള അംഗീകൃത ടൈപ്പിങ് സെന്ററുകളുമായി ബന്ധപ്പെടാം. അപേക്ഷ സമപ്പിച്ച് 48 മണിക്കൂറിനുള്ളില്‍ വിസ ലഭിക്കും.
ഐസിപി, ജിഡിആര്‍എഫ്എ വഴിയുള്ള അപേക്ഷാ നടപടികള്‍
- സ്മാര്‍ട്ട് സേവന സംവിധാനത്തിലേക്ക് ലോഗിന്‍ ചെയ്യുക (ഡിജിറ്റല്‍ ഐഡന്റിറ്റി അല്ലെങ്കില്‍ യൂസര്‍ നെയിം).
- അപേക്ഷിക്കേണ്ട സേവനത്തിനായി തിരയുക
- ബാധകമാകുന്നിടത്ത് ആപ്ലിക്കേഷന്‍ ഡാറ്റ പൂരിപ്പിക്കുക
- സേവന ഫീസ് അടയ്ക്കുക (എന്തെങ്കിലും ഉണ്ടെങ്കില്‍)
അമീര്‍ സര്‍വീസ് സെന്റര്‍
- സെന്ററിലെത്തി ടോക്കണ്‍ എടുക്കുക
- ഊഴമെത്തുമ്പോള്‍ രേഖകള്‍ നല്‍കുക
- ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നു
- സേവന ഫീസ് (എന്തെങ്കിലും ഉണ്ടെങ്കില്‍) അടയ്ക്കുക.
വിസ ആവശ്യകതകള്‍
- പാസ്പോര്‍ട്ട് സൈസിലുള്ള ഫോട്ടോകള്‍
- ആറ് മാസമെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്
- ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍. നിങ്ങളുടെ ബാങ്ക് ബാലന്‍സ് കുറഞ്ഞത് 4,000 ഡോളറായിരിക്കണം (3,31,528 രൂപ)
- ആരോഗ്യ ഇന്‍ഷുറന്‍സ്
- റൗണ്ട് ട്രിപ്പ് ഫ്‌ളൈറ്റ് ടിക്കറ്റുകളുടെ പകര്‍പ്പും താമസ സ്ഥലത്തിന്റെ രേഖയും
- യുഎഇയിലെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ നല്‍കുന്ന ക്ഷണക്കത്ത് ഉണ്ടെങ്കില്‍ സമര്‍പ്പിക്കാം
- ഹോട്ടല്‍ ബുക്കിങ് അല്ലെങ്കില്‍ വാടക കരാര്‍
ചെലവ്
- അപേക്ഷാ ഫീസ്- 100 ദിര്‍ഹം (2,256 രൂപ)
- ഇഷ്യു ഫീസ്- 500 ദിര്‍ഹം (11,282 രൂപ)
- ഇലക്ട്രോണിക് സേവന ഫീസ്- 50 ദിര്‍ഹം (1,128 രൂപ)