Gulf

യുഎഇയിൽ കുടുംബാംഗങ്ങളെ 10 വർഷ കാലയളവിലേക്കു കൊണ്ടുവരാം

Published

on

അബുദാബി: യുഎഇയിൽ താമസിക്കുന്ന വിദേശിക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാൻ അവസരങ്ങൾ ഒട്ടേറെ. ഓരോരുത്തരുടെയും സാമ്പത്തിക ശേഷി അനുസരിച്ച് ഫാമിലി വീസ, ഗ്രീൻ വീസ, ഗോൾഡൻ വീസ തുടങ്ങിയ വിഭാഗങ്ങളിലായി 2, 3, 5, 10 വർഷ കാലയളവിലേക്കു കുടുംബത്തെ കൊണ്ടുവരാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അറിയിച്ചു. ഇതിനു പുറമേ ചെറിയ കാലത്തേക്ക് സന്ദർശക, ടൂറിസ്റ്റ് വീസയും പ്രയോജനപ്പെടുത്താം.

ജീവിത പങ്കാളി, മക്കൾ

3000 ദിർഹം ശമ്പളവും കമ്പനി താമസ സൗകര്യവും ഉണ്ടാകണമെന്നതാണ് വിദേശികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള നിബന്ധന. കമ്പനി താമസ സൗകര്യം ഇല്ലാത്തവർക്ക് കുറഞ്ഞത് 4000 ദിർഹം ശമ്പളം വേണം. ഈ വീസയിൽ വരുന്നവർ ജോലി ചെയ്യാൻ പാടില്ലെന്നാണ് നിയമം. പ്രത്യേക തൊഴിൽ പെർമിറ്റ് എടുത്താൽ ജോലി ചെയ്യാം.

നിബന്ധന

അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ കെട്ടിട വാടകക്കരാർ (ടെനൻസി കോൺട്രാക്റ്റ്), വിവാഹ സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം. കുട്ടികളുണ്ടെങ്കിൽ അറ്റസ്റ്റ് ചെയ്ത ജനന സർട്ടിഫിക്കറ്റും ഹാജരാക്കണം.

10,000 ശമ്പളമുണ്ടോ

പ്രതിമാസം 10,000 ദിർഹം ശമ്പളം ഉള്ളവർക്ക് പരമാവധി 5 ബന്ധുക്കളെ സ്പോൺസർ ചെയ്ത് കൊണ്ടുവരാം. 15,000 ദിർഹം ശമ്പളം ഉള്ളവർക്ക് 6 പേരെയും കൊണ്ടുവരാം. മാതാപിതാക്കൾ, സഹോദരങ്ങൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിവരാണ് ഈ പട്ടികയിൽ ഉൾപ്പെടുക.

നിബന്ധന

സാലറി സർട്ടിഫിക്കറ്റ്, 2 കിടപ്പുമുറി താമസ സൗകര്യമുള്ള വാടകക്കരാർ, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ വേണം.

കുടുംബത്തിനും ദീർഘകാല വീസ

ഗോൾഡൻ വീസ, ഗ്രീൻ റസിഡൻസി വീസ, റിട്ടയർമെന്റ് വീസ എന്നീ വീസകളിൽ ഉള്ളവരുടെ കുടുംബാംഗങ്ങൾക്ക് തുല്യ കാലയളവിലേക്കുള്ള വീസ ലഭിക്കും.

ഗോൾഡൻ ആനുകൂല്യം

ഗോൾഡൻ വീസയുള്ളവർ നിയമാനുസൃത കാരണങ്ങളാൽ 6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങിയാലും വീസ റദ്ദാകില്ല. വീസ കാലാവധി തീരുന്നതിന് മുൻപ് നിശ്ചിത ഫീസ് അടച്ച് യുഎഇയിലേക്കു തിരിച്ചുവരാം. സാധുതയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണമെന്നു മാത്രം. ഗോൾഡൻ, ഗ്രീൻ വീസക്കാർക്ക് വീസാ കാലാവധി കഴിഞ്ഞ് 6 മാസം വരെ യുഎഇയിൽ തങ്ങാനും അനുമതിയുണ്ട്.

എൻട്രി വീസകൾ

എൻട്രി വീസ ഇഷ്യൂ ചെയ്ത തീയതി മുതൽ 60 ദിവസത്തിനകം യുഎഇയിൽ ഇറങ്ങിയാൽ മതി. രാജ്യത്തെത്തിയാൽ മെഡിക്കലും ഇൻഷുറൻസും എടുത്ത് താമസ വീസയിലേക്കു മാറണം. സന്ദർശക വീസയിൽ എത്തിയവരുടെ താമസം 180 ദിവസത്തിൽ കവിയരുത്. മേൽപറഞ്ഞ വീസകളിലെല്ലാം 18 വയസ്സിനു മുകളിലുള്ളവർക്ക് മെഡിക്കൽ ടെസ്റ്റ് നിർബന്ധം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version