അബുദാബി: യുഎഇയില്‍ ജോലിചെയ്യുന്ന മുഴുവനാളുകള്‍ക്കുമായി നടപ്പാക്കിയ നിര്‍ബന്ധിത തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് നാല് മാസത്തെ സാവകാശം ലഭിക്കും. 2022 ലെ മന്ത്രിതല പ്രമേയം നമ്പര്‍ 604 അനുസരിച്ച് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പോളിസിയില്‍ ചേരാന്‍ നാലു മാസം ഗ്രേസ് പിരീഡ് ലഭിക്കുമെന്ന് നിയമവിദഗ്ധനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമമായ ദി നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ മേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും ജീവനക്കാര്‍ നിര്‍ബന്ധമായി അംഗങ്ങളാവേണ്ട പദ്ധതിയാണിത്. ഫ്രീ സോണ്‍ ജീവനക്കാര്‍ക്ക് ഓപ്ഷണലാണ്. അര്‍ധസര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കെല്ലാം ഇതില്‍ ചേരാം. പോളിസി അംഗമാവാത്തവരില്‍ നിന്ന് 2023 ഒക്ടോബര്‍ ഒന്നു മുതല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് മുമ്പ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്തവര്‍ക്കാണ് പിഴ ചുമത്തുന്നത്.
2023 ജനുവരി ഒന്നിന് ശേഷം ജോലി ആരംഭിച്ച ആളുകള്‍ യുഎഇയില്‍ പ്രവേശിച്ച ദിവസം മുതലോ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്ത ദിവസം മുതലോ സ്റ്റാറ്റസ് മാറ്റിയ ദിവസം മുതലോ തുടങ്ങുന്ന നാല് മാസത്തിനുള്ളില്‍ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 11 അനുശാസിക്കുന്നതെന്ന് നിയമ ഉപദേഷ്ടാവ് മുഹമ്മദ് നജീബ് പറഞ്ഞു. പിഴ കൂടാതെ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധിയായ ഒക്‌ടോബര്‍ ഒന്നിന് ശേഷം ജോലിയില്‍ പ്രവേശിച്ച പുതിയ ജീവനക്കാര്‍ക്കും ഈ ഗ്രേസ് പിരീഡ് ബാധകമാണെന്നും അദ്ദേഹം വിശദീകരിച്ചു.
പദ്ധതിയില്‍ അംഗമാവേണ്ടതിന്റെ ഉത്തരവാദിത്തം ഓരോ ജീവനക്കാരനുമാണ്. തൊഴിലുടമയ്ക്ക് ഇതില്‍ ബാധ്യതയില്ല. എന്നാല്‍ തൊഴിലുടമകള്‍ക്ക് അവരുടെ ജീവനക്കാരെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടാല്‍ പുതിയ ജോലി അന്വേഷിക്കുന്നതിനു വേണ്ടി മൂന്നു മാസത്തേക്ക് സര്‍ക്കാര്‍ ശമ്പളം അനുവദിക്കുന്നതാണ് തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി.
ഇതുവരെ 65 ദലക്ഷത്തിലധികം ജീവനക്കാര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം കഴിഞ്ഞ ബുധനാഴ്ച അറിയിച്ചിരുന്നു. ഇനിയും പദ്ധതിയില്‍ ചേരാത്തവര്‍ വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കണമെന്നും അഭ്യര്‍ത്ഥിക്കുകയുണ്ടായി. പിഴ ചുമത്തപ്പെട്ടവര്‍ അത് നല്‍കാത്തപക്ഷം പുതിയ വര്‍ക് പെര്‍മിറ്റ് അനുവദിക്കുകയില്ല എന്നതിനാല്‍ പുതിയ ജോലിയില്‍ നിയമാനുസൃതം ചേരുന്നതിന് ഇത് തടസമാവുകയും ചെയ്യും.
പദ്ധതിയില്‍ ചേര്‍ന്ന ശേഷം മൂന്ന് മാസത്തില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാതിരുന്നാല്‍ 200 ദിര്‍ഹം പിഴ ഈടാക്കും. ചേരാതിരുന്നതിന്റെ പേരില്‍ 400 ദിര്‍ഹം പിഴ ചുമത്തിയിട്ടുണ്ടോയെന്ന് MoHRE ആപ്പ്, മന്ത്രാലയ വെബ്‌സൈറ്റ് അല്ലെങ്കില്‍ ബിസിനസ്സ് സേവന കേന്ദ്രങ്ങള്‍ വഴി അറിയാന്‍ സാധിക്കും. പിഴ അടക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നോ സേവനാനന്തര ആനുകൂല്യങ്ങളില്‍ നിന്നോ മന്ത്രാലയത്തിന് സ്വീകാര്യമെന്ന് കരുതുന്ന മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ ഈടാക്കാനാണ് തീരുമാനം.
കുറഞ്ഞത് 12 മാസമെങ്കിലും സ്‌കീമില്‍ വരിക്കാരായിട്ടുണ്ടെങ്കില്‍ മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ. സ്വന്തം ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നവര്‍ (നിക്ഷേപകര്‍), വീട്ടുജോലിക്കാര്‍, താത്കാലിക ജീവനക്കാര്‍, 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍, പെന്‍ഷന്‍ സ്വീകരിക്കുന്നവര്‍, പുതിയ ജോലി ആരംഭിച്ചവര്‍, വിരമിച്ചവര്‍ എന്നിവര്‍ ഒഴികെയുള്ള ജോലിക്കാരെല്ലാം പദ്ധതിയില്‍ ചേരണം.
തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സ്‌കീമിനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ താഴെയോ ഉള്ളവരാണ് ആദ്യ വിഭാഗത്തില്‍ പെടുന്നത്. ഈ വിഭാഗത്തിലെ ജീവനക്കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയമായി പ്രതിമാസം അഞ്ച് ദിര്‍ഹമാണ് അടയ്‌ക്കേണ്ടത്. ജോലി നഷ്ടപ്പെട്ടാല്‍ പരമാവധി പ്രതിമാസ നഷ്ടപരിഹാരം 10,000 ദിര്‍ഹമായിരിക്കും. രണ്ടാമത്തെ വിഭാഗത്തില്‍ 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ള അടിസ്ഥാന ശമ്പളമുള്ളവരാണ് ഉള്‍പ്പെടുക. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 10 ദിര്‍ഹവും പ്രതിമാസ നഷ്ടപരിഹാരം 20,000 ദിര്‍ഹവുമാണ്. അധിക ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ആവശ്യമുള്ള തൊഴിലാളികള്‍ക്ക് അതിനുള്ള പ്രത്യേക പ്രീമിയം സ്‌കീമുകളുമുണ്ട്.