അബുദാബി: നഗര ഹൃദയഭാഗത്തുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ ഫഌറ്റിന്റെ മുന്‍വാതിലിന് പുറത്തുവച്ചിരുന്ന പണം സെയില്‍സ്മാന്‍ മോഷ്ടിക്കുന്നത് ക്യാമറയില്‍ കുടുങ്ങി. മറ്റൊരാള്‍ക്ക് എടുക്കാനായി പൊതിഞ്ഞുവച്ച പണം സ്റ്റിക്കര്‍ ഒട്ടാക്കാനെത്തിയ സെയില്‍സ്മാന്‍ എടുക്കുന്നത് വീഡിയോയില്‍ വ്യക്തമായി പതിഞ്ഞു.
ഒരു ടെലികോം ബ്രാന്‍ഡിന്റെ പ്രൊമോഷണല്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കാനാണ് സെയില്‍സ്മാന്‍ കെട്ടിടത്തില്‍ കയറിയത്. ഫഌറ്റിന്റെ വാതിലിനു സമീപം വാട്ടര്‍ ക്യാനിന്റെ അടിയില്‍ പണം പൊതിഞ്ഞ കടലാസ് കണ്ടപ്പോള്‍ അയാള്‍ അത് എടുത്തുകൊണ്ടുപോവുകയായിരുന്നു.
കുടിവെള്ളം വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാര്‍ക്ക് എടുക്കാന്‍ വേണ്ടിയായിരുന്നു പണംവച്ചിരുന്നത്. ഫഌറ്റില്‍ ആളില്ലെങ്കിലും ഒഴിഞ്ഞ ബോട്ടിലുകളുടെ എണ്ണത്തിന് അനുസരിച്ച് പുതിയ വെള്ളക്കുപ്പികള്‍ ലഭിക്കുന്നതിനായി ഇതിനുള്ള പണം തിട്ടപ്പെടുത്തി കുപ്പികള്‍ക്ക് അടിയില്‍ വയ്ക്കുന്നത് ഗള്‍ഫില്‍ പൊതുവെ ചെയ്തുവരുന്ന രീതിയാണ്.
കുടിവെള്ള കമ്പനിയിലെ ജീവനക്കാര്‍ പണത്തിനായി വാതിലില്‍ മുട്ടിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഞായറാഴ്ച രാവിലെ പുതിയ ക്യാനുകള്‍ വിതരണം ചെയ്യുന്നതിനാല്‍ താമസക്കാരന്‍ ശനിയാഴ്ച രാത്രി തന്നെ പണം ഫ്‌ലാറ്റിന് പുറത്തുവച്ചു. അവധി ദിവസങ്ങളില്‍ രാവിലെ തന്നെ വിളിക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പിറ്റേന്ന് രാവിലെ വാട്ടര്‍ ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാര്‍ മുഴുവന്‍ തുകയും ആവശ്യപ്പെട്ട് ബെല്ലടിച്ചപ്പോഴാണ് കുടുംബം സംഭവം അറിഞ്ഞത്.
കടലാസില്‍ കുറച്ച് നാണയങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് ജീവനക്കാര്‍ പറഞ്ഞു. പ്രവാസിയും ഭാര്യയും ആദ്യം നിരസിച്ചുവെങ്കിലും മുഴുവന്‍ തുകയും നല്‍കി. തുടര്‍ന്നാണ് സിസിടിവി പരിശോധിച്ചത്. എതിര്‍വശത്തുള്ള ഫ്‌ലാറ്റിന്റെ വാതിലില്‍ പരസ്യ സ്റ്റിക്കര്‍ ഒട്ടിച്ച ശേഷം സെയില്‍സ്മാന്‍ ഇവരുടെ ഫ്‌ലാറ്റിലേക്ക് തിരിയുന്നു. പൊതിഞ്ഞ കടലാസിലേക്ക് സൂക്ഷിച്ചുനോക്കിയ ശേഷം അവരുടെ വാതിലിലും സ്റ്റിക്കര്‍ ഒട്ടിച്ചു. ശേഷം ക്യാന്‍ ഉയര്‍ത്തി പേപ്പര്‍ തുറന്ന് അഞ്ച് ദിര്‍ഹം നോട്ട് എടുത്ത് ചുണ്ടുകള്‍ക്കിടയില്‍ വച്ച് നാണയങ്ങള്‍ തിരികെവച്ച് നടന്നുപോയി.
സിസിടിവി സ്ഥാപിക്കുന്നത് അനുഗ്രഹമാണെന്നും അല്ലാത്തപക്ഷം നിരപരാധികളായ വാട്ടര്‍ കാന്‍ ഡെലിവറി ജീവനക്കാരെ സംശയിക്കുമായിരുന്നുവെന്നും താമസക്കാരനും പറയുന്നു. കുറ്റവാളികള്‍ക്ക് ഈ വീഡിയോ ഒരു പാഠമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് ഷെയര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനും താമസക്കാരനും ചേര്‍ന്ന് ഒട്ടിച്ച സ്റ്റിക്കറില്‍ കാണുന്ന നമ്പറില്‍ വിളിച്ചെങ്കിലും തന്റെ ജീവനക്കാര്‍ ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്നായിരുന്നു മറുപടി. നേരില്‍ വന്ന് സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും എത്തിയതുമില്ല. പാര്‍പ്പിട മേഖലകളില്‍ ഇത്തരം പരാതികള്‍ വര്‍ധിക്കുന്നതായി വാട്ടര്‍ കാന്‍ കമ്പനിയുടെ ഡെലിവറിമാന്‍ ജാഫര്‍ ചൂണ്ടിക്കാട്ടി.
പണം നഷ്ടമായതല്ല, ഇത്തരമൊരു പ്രവൃത്തി നടന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന താമസക്കാരനായ പ്രവാസി കൂട്ടിച്ചേര്‍ത്തു.