Gulf

യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തി; ജി 20 ഉച്ചകോടിയിൽ പങ്കെടുക്കും

Published

on

അബുദബി: യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി. ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി എത്തിയതാണ് ഷൈഖ് നഹ്യാൻ. വെള്ളിയാഴ്ച എത്തിയ ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കേന്ദ്ര മന്ത്രിയടക്കം ഉന്നത പ്രതിനിധി സംഘമാണ് സ്വീകരിച്ചത്.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ ഷൈഖ് പങ്കെടുക്കും. സുസ്ഥിര വികസനം, കാലാവസ്ഥ നടപടികള്‍, സന്തുലിത സാമ്പത്തിക വളര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ അന്താരാഷ്ട്ര പങ്കാളികളുമായി പുരോഗമനപരമായ ചര്‍ച്ചയ്ക്ക് യുഎഇ പ്രതിനിധി സംഘം മുന്‍കൈയെടുക്കുമെന്ന് യുഎഇ വാര്‍ത്ത ഏജന്‍സി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേക ചര്‍ച്ച ഉണ്ടാകുമെന്ന് ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2023ലെ ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ ആതിഥേയരെന്ന നിലയില്‍, ആഗോള കാലാവസ്ഥ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ജി20 ഉച്ചകോടിയില്‍ യുഎഇ മുന്നോട്ടുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട വിവിധ മന്ത്രിതല യോഗങ്ങളിൽ വികസനം, പൊതു നയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, നിയമനിർമാണം എന്നിവയുമായി ബന്ധപ്പെട്ട് യുഎഇ പ്രതിനിധികൾ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു.

യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹീം അൽ ഹാഷിമി, കോപ്28 നിയുക്ത പ്രസിഡന്‍റും വ്യവസായ-അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയുമായ ഡോ. സുൽത്താൻ അൽ ജാബിർ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട യുഎഇ പ്രസിഡൻ്റിൻ്റെ പ്രതിനിധി സംഘം ഇന്ത്യയിലെത്തി. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയവുമായി നടക്കുന്ന 18-ാമത് ഉച്ചകോടിക്കായി ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version