Gulf

യുഎഇ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: 309 പേര്‍ മല്‍സരരംഗത്ത്; 128 വനിതകളും പത്രിക നല്‍കി

Published

on

അബുദാബി: യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) തിരഞ്ഞെടുപ്പിനുള്ള 309 സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. വരുന്ന ഒക്‌ടോബര്‍ ഏഴിനാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ 128 വനിതകളും ഉള്‍പ്പെടുന്നു. ആകെ സ്ഥാനാര്‍ത്ഥികളില്‍ 41 ശതമാനം പേര്‍ വനിതകളാണ്. 36 സ്ഥാനാര്‍ത്ഥികള്‍ (11 ശതമാനം) 25നും 35നും ഇടയില്‍ പ്രായമുള്ളവരാണ്.

അബുദാബിയില്‍ 118 പേരും ദുബായില്‍ 57 പേരും ഷാര്‍ജയില്‍ 50 പേരും പത്രിക നല്‍കി. അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളില്‍ യഥാക്രമം 21, 34, 14, 15 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍. അബുദാബിയില്‍ 54 പേരും ദുബായില്‍ 27 പേരും വനിതകളാണ്. ഷാര്‍ജയില്‍ 19, അജ്മാനില്‍ 12, റാസല്‍ഖൈമയിലും ഉമ്മുല്‍ഖുവൈനിലും അഞ്ച് വീതം, ഫുജൈറയില്‍ ആറ് എന്നിങ്ങനെയാണ് വനിതകള്‍.

സ്ഥാനാര്‍ത്ഥികളുടെ മുഴുവന്‍ പട്ടികയും ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2019ല്‍ 479 സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. ഇവരില്‍ 182 പേര്‍ വനിതകലായിരുന്നു. മല്‍സരാര്‍ത്ഥികള്‍ക്കെതിരായ അപ്പീലുകള്‍ ഓഗസ്റ്റ് 26നും 28നുമിടയില്‍ സമര്‍പ്പിക്കണം. അപ്പീലുകളിന്‍മേല്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഗസ്റ്റ് 29 നും 31 നുമിടയില്‍ തീരുമാനമെടുക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 23 ദിവസം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11ന് പ്രചാരണം ആരംഭിക്കും. സെപ്തംബര്‍ 26 ആണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. വോട്ടര്‍ പട്ടികയില്‍ പേരുള്ള യുഎഇ പൗരന്‍മാര്‍ക്കെല്ലാം വോട്ടവകാശമുണ്ട്.

ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ യുഎഇയുടെ കണ്‍സള്‍ട്ടേറ്റീവ് പാര്‍ലമെന്റായാണ് അറിയപ്പെടുന്നത്. രാഷ്ട്രത്തിന്റെ നയരൂപീകരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന എഫ്എന്‍സി വിവിധ എമിറേറ്റുകളിലെ ജനങ്ങളുടെ പ്രാതിനിധ്യം ദേശീയ തലത്തില്‍ ഉറപ്പാക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു.

എഫ്എന്‍സിയില്‍ 40 അംഗങ്ങളാണുണ്ടാവുക. തിരഞ്ഞെടുക്കപ്പെട്ട 20 പ്രതിനിധികളും ഓരോ എമിറേറ്റിലെയും ഭരണാധികാരികള്‍ നിയമിക്കുന്ന 20 പേരും ഉള്‍പ്പെടുന്നു. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളില്‍ ചര്‍ച്ചയ്ക്കും സംവാദത്തിനും തീരുമാനമെടുക്കുന്നതിനുമുള്ള വേദിയാണിത്. ജനസംഖ്യാനുസൃതമായാണ് ഓരോ എമിറേറ്റിലെയും പ്രാതിനിധ്യം. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ എട്ടും ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ആറും അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നാലും അംഗങ്ങളാണുള്ളത്.

എമിറേറ്റുകളെ പ്രതീക്ഷിക്കുന്നവര്‍ അതാത് എമിറേറ്റിലെ സ്ഥിരതാമസക്കാരായിരിക്കണം. പത്രിക സമര്‍പ്പിക്കാനുള്ള കുറഞ്ഞ പ്രായം 25 ആണ്. 2018ല്‍, അന്നത്തെ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ കൗണ്‍സിലിന്റെ പകുതി സീറ്റുകള്‍ വനിതകള്‍ക്ക് നീക്കിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും 2019 നവംബറില്‍ ആരംഭിച്ച എഫ്എന്‍സിയുടെ 17ാമത് നിയമനിര്‍മ്മാണ സമിതിയില്‍ ഈ വിധി പ്രാബല്യത്തില്‍ വരുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version