India

സമ്പന്നരായ പ്രവാസി ഇന്ത്യക്കാര്‍ കൂടുതലുള്ള രണ്ടാമത്തെ രാജ്യമായി യുഎഇ. എന്‍ആര്‍ഐ കോടീശ്വരന്‍മാരുടെ ഇഷ്ടരാജ്യം യുഎസ്

Published

on

അബുദാബി: ആഗോളതലത്തില്‍ സമ്പന്നരായ പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവുമധികമുള്ള രണ്ടാമത്തെ രാജ്യമായി യുഎഇ. ഹുറണ്‍ ഇന്ത്യയും 360 വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2023ലാണ് ഈ കണ്ടെത്തലുകള്‍.

ആഗോളതലത്തില്‍ സമ്പന്നരായ ഇന്ത്യക്കാര്‍ക്ക് ആതിഥ്യമരുളുന്നതില്‍ യുഎസിനാണ് ഒന്നാംസ്ഥാനം. ഇന്ത്യയിലെ 360 അതിസമ്പന്നരെ തിരഞ്ഞെടുത്തപ്പോള്‍ 47 പേര്‍ അമേരിക്കന്‍ പ്രവാസികളാണ്. യുഎസിന് പിന്നാലെ യുഎഇയും യുകെയുമാണുള്ളത്. അതിസമ്പന്നരായ 20 ഇന്ത്യന്‍ വംശജരായ ബിസിനസുകാരാണ് യുഎഇയില്‍ താമസിക്കുന്നത്.

ഇന്ത്യയിലെ 360 ഉന്നത കോടീശ്വരന്‍മാരില്‍ 96 പേരും എന്‍ആര്‍ഐമാരാണ്. 84 ശതമാനം പേരും സ്വന്തമായി പാത വെട്ടിത്തെളിച്ച് വിജയസോപാനങ്ങളിലേക്ക് നടന്നുകയറിയ പ്രവാസികള്‍.

ലണ്ടന്‍ ആസ്ഥാനമായുള്ള ഗോപിചന്ദ് ഹിന്ദുജയും കുടുംബവും 1,76,500 കോടിയുടെ സമ്പത്തുമായി പട്ടികയില്‍ ഒന്നാമതെത്തി. 1,62,300 കോടിയുടെ ആസ്തിയുള്ള ലക്ഷ്മി മിത്തലും കുടുംബവും ലണ്ടനില്‍ താമസിക്കുന്നത്. എങ്കിലും എന്‍ആര്‍ഐ കോടീശ്വരന്‍മാരുടെ ഇഷ്ട രാജ്യം ഇപ്പോഴും യുഎസ് തന്നെയാണെന്ന് പുതിയ കണക്കുകളും അടിവരയിടുന്നു.

യുഎഇയിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിനോദ് ശാന്തിലാല്‍ അദാനിയാണ്. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിക്ക് 1,07,300 കോടിയുടെ ആഗോള സമ്പത്തുണ്ട്. ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ വിനോദ് അദാനിയുടെ റാങ്കിങ് ഈ വര്‍ഷം 12 ആയി കുറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനി ഓഹരിയിലുണ്ടായ നെഗറ്റീവ് പ്രകടനമാണ് കാരണം.

മലയാളി വ്യവസായ പ്രമുഖന്‍ എംഎ യൂസഫലിയാണ് യുഎഇയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ ഇന്ത്യക്കാരന്‍. ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഓപറേറ്ററായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ സ്ഥാപകനും ചെയര്‍മാനുമായ 67കാരനായ യൂസഫലിക്ക് 55,000 കോടിയുടെ സമ്പത്തുണ്ട്.

ഡോ. ഷംഷീര്‍ വയലില്‍, പൃഥ്വിരാജ് ജിന്‍ഡാലും കുടുംബവും, രത്തന്‍ ജിന്‍ഡാലും കുടുംബവും, സാകേത് ബര്‍മനും കുടുംബവും, ദിവ്യാങ്ക് തുറഖിയയും ഭവിന്‍ തുറഖിയയും, ഫൈസല്‍ കൊട്ടികൊല്ലന്‍, ആസാദ് മൂപ്പനും കുടുംബവും, ഡാന്യൂബ് പ്രൊമോട്ടര്‍ റിസ്വാന്‍ സാജന്‍, പെട്രോകെം എംഇയുടെ യോഗേഷ് മേത്ത, ഐബിഎസ് സോഫ്റ്റ്‌വെയര്‍ ചെയര്‍മാന്‍ വി കെ മാത്യൂസും കുടുംബവും, മലബാര്‍ ഗോള്‍ഡിന്റെ കെപി അബ്ദുള്‍ സലാം എന്നിവരാണ് യുഎഇയിലെ അതിസമ്പന്നരായ മറ്റ് ഇന്ത്യക്കാര്‍.

അതിസമ്പന്നരായ 10 പ്രവാസി ഇന്ത്യക്കാരുടെ പട്ടിക ചുവടെ. (പേര്, ആസ്ഥാനം, ആസ്തി കോടിയില്‍, കമ്പനി എന്നിവ ക്രമത്തില്‍)
1. ഗോപിചന്ദ് ഹിന്ദുജയും കുടുംബവും- ലണ്ടന്‍. 1,76,500 കോടി. ഹിന്ദുജ.
2. എല്‍എന്‍ മിത്തലും കുടുംബവും- ലണ്ടന്‍. 1,62,300. ആര്‍സെലര്‍മിത്തല്‍.
3. വിനോദ് ശാന്തിലാല്‍ അദാനിയും കുടുംബവും- ദുബായ്. 1,07,300. അദാനി.
4. ജയ് ചൗധരി- സാന്‍ജോസ്. 72,100. സ്‌കാലെര്‍.
5. ഷാപൂര്‍ പല്ലോന്‍ജി മിസ്ത്രി- മൊണാക്കോ. 70,800. ഷാപൂര്‍ജി പല്ലോന്‍ജി.
6. അനില്‍ അഗര്‍വാളും കുടുംബവും- ലണ്ടന്‍. 66,900. വേദാന്ത റിസോഴ്‌സസ്.
7. എംഎ യൂസഫലി- അബുദാബി. 55,000. ലുലു ഗ്രൂപ്പ്.
8. ശ്രീ പ്രകാശ് ലോഹ്യ- ലണ്ടന്‍. 54,500. ഇന്തോരമ.
9. രാകേഷ് ഗാങ്‌വാളും കുടുംബവും- മക്ലീന്‍. 31,800. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍.
10. വിവേക് ചന്ദ് സെഗാളും കുടുംബവും-മെല്‍ബണ്‍. 30,700. സംവര്‍ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍…

.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version