Gulf

യുഎഇ-ഇന്ത്യ അണ്ടര്‍വാട്ടര്‍ ട്രെയിന്‍: സാധ്യതാ പഠനം ഉടന്‍ തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

Published

on

അബുദാബി: യുഎഇയിലെ ഫുജൈറ നഗരത്തെയും ഇന്ത്യയിലെ മുംബൈയെയും അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സര്‍വീസ് വഴി ബന്ധിപ്പിക്കുന്ന സ്വപ്‌ന പദ്ധതിയിലേക്ക് ഒരു ചുവട് കൂടി. കടലിനടിയിലൂടെ 1826 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിച്ച് ഹൈസ്പീഡ് ട്രെയിന്‍ ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് ഇരു രാജ്യങ്ങളിലേക്കും സഞ്ചാരം സാധ്യമാക്കാന്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ സാധ്യതാ പഠനത്തിന് യുഎഇ ഒരുങ്ങുന്നു.

സ്വപ്‌ന പദ്ധതി യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിന്റെ പരിഗണനയിലാണെന്നും ഉടന്‍ തന്നെ സാധ്യതാ റിപ്പോര്‍ട്ട് തേടുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് എംഡിയും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ഷെഹി 2018ല്‍ അബുദാബിയില്‍ വച്ച് നടന്ന ഇന്ത്യ-യുഎഇ കോണ്‍ക്ലേവിനിടെ പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് വളരെ വിശദമായി സംസാരിച്ചിരുന്നു.

അറബിക്കടലിനടിയിലൂടെയുള്ള തീവണ്ടി പാത വഴി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, യുഎഇയിലെ ഫുജൈറ എന്നീ തുറമുഖ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് നീക്കം, യാത്ര എന്നിവയ്‌ക്കൊപ്പം എണ്ണ പൈപ്പ് ലൈന്‍, കുടിവെള്ള പൈപ് ലൈന്‍ എന്നിവ സ്ഥാപിക്കാന്‍ കഴിയുമെന്നതാണ് യുഎഇയെ ഈ പദ്ധതിയോട് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവുമധികം തൊഴില്‍ ചെയ്യുന്ന ഗള്‍ഫ് മേഖലയിലേക്ക് വിമാന സര്‍വീസിനെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാനായാല്‍ വികസനപാതയിലെ നാഴികക്കല്ലായി അത് മാറും. കുറഞ്ഞ ചെലവില്‍ ഏത് സമയത്തും രണ്ട് മണിക്കൂര്‍ കൊണ്ട് ഗള്‍ഫിലെത്താന്‍ കഴിയും. കൂടുതല്‍ ലഗേജും കുറഞ്ഞ യാത്രാക്കൂലിയും യാത്രക്കാരെ ആകര്‍ഷിക്കുകയും ചെയ്യും. വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട പാതയായി ഇത് മാറും. കടലിനടിയിലെ മനോഹരമായ കാഴ്ചകള്‍ നല്‍കാന്‍ സുതാര്യമായ ജനാലകള്‍ ഉപയോഗിക്കാമെന്നും പ്രാരംഭ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബായിലെത്തുന്ന ആളുകളെ ഇന്ത്യയിലേക്ക് കൂടി ആകര്‍ഷിക്കാന്‍ തുരങ്കപാതയ്ക്ക് കഴിയും.

യുഎഇ-ഇന്ത്യ വിമാന യാത്രാസമയത്തേക്കാള്‍ ഒരു മണിക്കൂര്‍ കുറവ് മതിയാവും അതിവേഗ തീവണ്ടി പാതയില്‍. എയര്‍പോര്‍ട്ടിലെ യാത്രയ്ക്ക് മുമ്പുള്ള സമയദൈര്‍ഘ്യമേറിയ നടപടിക്രമങ്ങള്‍ കുറയ്ക്കാനും കഴിയും. ബുള്ളറ്റ് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 600 മൈല്‍ (1,000 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിക്കാനാകും. ഉപയോഗിക്കേണ്ട ട്രെയിനുകളുടെ തരത്തെക്കുറിച്ചും ഏറ്റെടുക്കേണ്ട നിര്‍മാണത്തെക്കുറിച്ചും സാധ്യതാ റിപ്പോര്‍ട്ടിലുണ്ടാവും.

യാത്രാ മാര്‍ഗത്തേക്കാള്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനുള്ള മാര്‍ഗമായാണ് യുഎഇ ഇതിനെ കാണുന്നത്. നര്‍മ്മദ നദിയില്‍ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം കൊണ്ടുവരുമ്പോള്‍ ഫുജൈറയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുകയും ചെയ്യാം.

അംബരചുംബികളായ കെട്ടിടങ്ങളും അതിനൂതനമായ യാത്രാ സൗകര്യങ്ങളും സാങ്കേതികവിദ്യകളുടെ ഉപയോഗപ്പെടുത്തലിലൂടെയും വിസ്മയം തീര്‍ക്കുന്ന യുഎഇക്ക് സദുദ്രാന്തര്‍ പാതയൊരുക്കാന്‍ പണം ഒരു തടസമാവില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ആഴത്തിലുള്ള വെള്ളത്തില്‍ നിര്‍മാണം ഒരു വലിയ വെല്ലുവിളിയാണ്. ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന സദുദ്രാന്തര പാത 1994 മുതല്‍ പ്രവര്‍ത്തനക്ഷമമാണെങ്കിലും ടണലിന്റെ നീളം 56 കി.മീ മാത്രമാണ്. ട്രെയിന്‍ മണിക്കൂറില്‍ 112 കി.മീ എന്ന കുറഞ്ഞ വേഗതയിലാണ് ഓടുന്നത്. ഇതിനേക്കാള്‍ 50 മടങ്ങ് വലിയ ഒരു പ്രോജക്റ്റായ യുഎഇ-ഇന്ത്യ അണ്ടര്‍വാട്ടര്‍ സര്‍വീസില്‍ പത്തിരട്ടിയോളം വേഗതയുമുണ്ടാവും.

ഈ പാത ഭാവിയില്‍ സൗദി ഉള്‍പ്പെടെയുള്ള ഇതര ഗള്‍ഫ് രാജ്യങ്ങളുമായി വേഗത്തില്‍ ബന്ധിപ്പിക്കാനും കഴിയും. അള്‍ട്രാ സ്പീഡ് ഫ്‌ലോട്ടിങ് ട്രെയിനുകളായിരിക്കും ഉപയോഗിക്കുക. യുഎഇ തന്നെയാണ് ഇന്ത്യയിലേക്ക് അണ്ടര്‍വാട്ടര്‍ റെയില്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ആദ്യം രംഗത്തെത്തിയിരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ധനവും ചരക്കുകളും എത്തിക്കുന്നതിനും ഇന്ത്യയില്‍ നിന്ന് ചരക്കുകളും കുടിവെള്ളവും ഗള്‍ഫിലെത്തിക്കുന്നതിനും പാത സഹായിക്കുമെന്നതിനാല്‍ ഗള്‍ഫുമായുള്ള ഉഭയകക്ഷി ബന്ധത്തിലും വ്യാപാര രംഗത്തും വലിയ വിപ്ലവമായിരിക്കും ഇത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version