അബുദാബി: മഴമാറി യുഎഇയില്‍ ചൂട് കാലം വന്നതോടെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പൊടി പടലങ്ങള്‍ ഉയര്‍ത്തുന്ന അതിവേഗ കാറ്റ് കാരണം വാഹനമോടിക്കുമ്പോഴും പുറത്തിറങ്ങി നടക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
കെട്ടിടങ്ങളില്‍ പൊടിപടലങ്ങല്‍ കയറുന്നത് തടയാന്‍ വാതിലുകളും ജനലുകളും അടയ്ക്കാന്‍ മുനിസിപ്പാലിറ്റികള്‍ താമസക്കാരോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവര്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ ശ്രദ്ധിക്കുകയും മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പാലിക്കുകയും ചെയ്യണം.
പൊടിക്കാറ്റ് അടിച്ചുവീശുന്ന വേളയില്‍ പാലിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങള്‍ ഇവയാണ്:
* കെട്ടിടങ്ങള്‍ പൊളിക്കല്‍ പോലുള്ള പ്രവര്‍ത്തനങ്ങളും യന്ത്രസാമഗ്രികള്‍ പ്രവര്‍ത്തിപ്പിക്കുന്നതും നിര്‍ത്തിവയ്ക്കണം.
* ജോലി സ്ഥലത്തിന് ചുറ്റും താത്കാലിക വേലികള്‍, പ്ലാസ്റ്റിക് മറകള്‍, അടയാള സൂചകങ്ങള്‍ എന്നിവ സ്ഥാപിക്കുക.
* ഉയരത്തിലും തുറന്ന സ്ഥലങ്ങളിലുമുള്ള ഇളകിവീഴാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യുക.
* മൊബൈല്‍ ക്രെയിനുകളും മറ്റും ഉപയോഗിച്ചുള്ള ലിഫ്റ്റിംഗ് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കുക.
* സ്‌കാര്‍ഫോള്‍ഡിംഗുകള്‍ അംഗീകൃത മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുക.
* സുരക്ഷാ നടപടികളെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എല്ലാ തൊഴിലാളികളെയും ജീവനക്കാരെയും ബോധ്യപ്പെടുത്തുക.
* ഉയര്‍ന്നതും തുറസ്സായതുമായ സ്ഥലങ്ങളിലെ എല്ലാ ജോലികളും നിര്‍ത്തിവയ്ക്കുകയും കനത്ത ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രവര്‍ത്തം നിര്‍ത്തിവയ്ക്കുകയും ചെയ്യുക.
* ടവര്‍ ക്രെയിനുകള്‍ പ്രതികൂല കാലാവസ്ഥയില്‍ നിന്നും ശക്തമായ കാറ്റില്‍ നിന്നും സുരക്ഷിതവും അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്നും ഉറപ്പുവരുത്തുകയും ചെയ്യുക.
യുഎഇയുടെ ചില ഭാഗങ്ങളില്‍ താഴ്ന്ന ഉപരിതല മര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് 12 ഓടെ യുഎഇയില്‍ വേനല്‍ക്കാലം ആരംഭിച്ചതായും രാജ്യത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരാന്‍ തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി.