അബുദാബി: യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ച സൂപ്പര്‍സ്റ്റാറുമായ രജിനികാന്ത് നന്ദി പറഞ്ഞത് മലയാളി വ്യവസായിയും സുഹൃത്തുമായ എം എ യൂസഫലിക്ക്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ തന്റെ ‘സുഹൃത്ത് യൂസഫലിയില്ലാതെ’ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് താരം പറഞ്ഞു. ഈ ബഹുമതിക്ക് യുഎഇ സര്‍ക്കാരിനോടുള്ള നന്ദിയും തലൈവര്‍ അറിയിച്ചു.
‘യുഎഇയുടെ അഭിമാനകരമായ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. യുഎഇ സര്‍ക്കാരിനും സുഹൃത്ത് യൂസഫലിക്കും ഹൃദയം നിറഞ്ഞ നന്ദി. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. ഞാന്‍ അദ്ദേഹത്തോട് നന്ദിയുള്ളവനാണ്,’ രജിനികാന്ത് പറഞ്ഞു.
തന്റെ ‘സഹോദരന്’ 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റ് സുഗമമാക്കുന്നതില്‍ താന്‍ ഒരു ‘ചെറിയ പങ്ക്’ മാത്രമേ വഹിച്ചുള്ളൂ എന്ന് യൂസഫലിയും പറഞ്ഞു. ‘ഇത് സാധ്യമാക്കുന്നതില്‍ ഒരു ചെറിയ പങ്ക് വഹിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ സഹോദരന് വരും വര്‍ഷങ്ങളിലും വ്യത്യസ്ത വേഷങ്ങളില്‍ മികവ് പുലര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു’ യൂസഫലി മറുപടിയായി പറഞ്ഞു.
‘രജിനികാന്ത് എന്ന മഹാനടന് പ്രിയ സുഹൃത്തും സഹോദരനുമാണ്. അദ്ദേഹം ഉയര്‍ന്നതും ബഹുമുഖവുമായ വ്യക്തിത്വത്തിന്റെ ഉടമയും മഹാനടനുമാണ്. താരപരിവേഷമുണ്ടെങ്കിലും എളിമയുള്ള ആളാണ് അദ്ദേഹം. ഇത്രയും വിശിഷ്ടനായ അദ്ദേഹത്തിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കണമെന്നത് എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു,’ ‘യൂസുഫലി പറഞ്ഞു. ദക്ഷിണേഷ്യന്‍ സൂപ്പര്‍ താരത്തിന് ഗോള്‍ഡന്‍ വിസ സമ്മാനിച്ച പ്രാദേശിക അധികാരികളെയും യൂസഫലി അഭിനന്ദിച്ചു.
അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും സാംസ്കാരിക, ടൂറിസം വകുപ്പ് ചെയര്‍മാനുമായ മുഹമ്മദ് ഖലീഫ അല്‍ മുബാറക്കില്‍ നിന്നാണ് കഴിഞ്ഞ ദിവസം താരം ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. രജിനികാന്ത്, യൂസുഫലിയോടൊപ്പം യുഎഇ സഹിഷ്ണുതാ- സഹവര്‍ത്തിത്വ മന്ത്രി ശെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാനുമായും കൂടിക്കാഴ്ച നടത്തി. അബൂദാബി യാത്രയ്ക്കിടെ താരം ബിഎപിഎസ് ഹിന്ദു ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു.