Gulf

യുഎഇ ബലിപെരുന്നാള്‍; ബലി മൃഗങ്ങളെ അറുക്കാന്‍ അംഗീകൃത അറവുശാലകള്‍ ഉപയോഗിക്കണം

Published

on

അബുദാബി: ഈദ് അല്‍ അദ്ഹ അഥവാ ബലിപെരുന്നാള്‍ പടിവാതില്‍ക്കല്‍ എത്തിയ സാഹചര്യത്തില്‍, ബലി മൃഗങ്ങളെ അറുത്ത് മാംസം തയ്യാറാക്കുന്നതിന് രാജ്യത്തെ അംഗീകൃത അറവുശാലകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് അബുദാബിസിറ്റി മുനിസിപ്പാലിറ്റി സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ അബുദാബി നിവാസികളോട് അഭ്യര്‍ത്ഥിച്ചു. പെരുന്നാളിലനോട് അനുബന്ധിച്ച് വിശ്വാസികള്‍ ധാരളമായി മൃഗബലി നടത്താനിരിക്കെയാണിത്. ബലി മൃഗങ്ങളെ അറുക്കാന്‍ എത്തുന്നവരുടെ തിരക്ക് പരിഗണിച്ച് യുഎഇയിലെ അറവുശാലകള്‍ ഒരുങ്ങിക്കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

ഔദ്യോഗിക അംഗീകാരമില്ലാത്ത കശാപ്പുശാലകളെയും വ്യക്തികഗത അറവുകാരെയും ഇതിനായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. രാജ്യത്തെ അറവുശാലകള്‍ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്നവയാണ്. ആചാരപരമായി ബലി അറുക്കുന്നതിന് സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷം ഇവിടങ്ങളില്‍ ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. നഗരത്തിലെ ആധുനിക അറവുശാലകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ, താമസക്കാര്‍ പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് മാത്രമല്ല, ശരിയായ രീതിയില്‍ മാലിന്യ സംസ്‌ക്കരണം സാധ്യമാക്കുകയും ചെയ്യുന്നു. ഇത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഇടയില്‍ രോഗങ്ങള്‍ പടരുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതായും അധികൃതര്‍ അഭിപ്രായപ്പെട്ടു.

കൂടാതെ, മുനിസിപ്പാലിറ്റി കശാപ്പുകാരുടെയും അറ്റകുറ്റപ്പണിക്കാരുടെയും ജീവനക്കാരുടെയും എണ്ണം ആവശ്യമായ തോതില്‍ വര്‍ദ്ധിപ്പിച്ചതായും മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി നിയുക്ത അറവുശാലകളില്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. അബുദാബിയിലെ അറവുശാലകള്‍ ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ ആറു മണി മുതല്‍ വൈകുന്നേരം 5.30 വരെ പ്രവര്‍ത്തിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version