Gulf

കളളപ്പണം വെളുപ്പിക്കലിനെതിരെ യുഎഇ; നാല് ബില്ല്യണ്‍ ദിര്‍ഹത്തിന്റെ അനധികൃത പണമിടപാടുകള്‍ കണ്ടെത്തി

Published

on

അബുദാബി: കളളപ്പണം വെളുപ്പിക്കലിനെതിരെ നടപടി ശക്തമാക്കി യുഎഇ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് നാല് ബില്ല്യണ്‍ ദിര്‍ഹത്തിന്റെ അനധികൃത പണമിടപാടുകളാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

യുഎഇയും അന്താരാഷ്ട്ര നിയമ നിര്‍വഹണ ഏജന്‍സികളും ചേര്‍ന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അന്താരാഷ്ട്ര തലത്തില്‍ രജിസ്റ്റര്‍ ചെയ്ത 521 കള്ളപ്പണ കേസുകളാണ് യുഎഇയുടെ ഇടപെടല്‍ മൂലം തെളിയിക്കാനായത്. കൊടും കുറ്റവാളികളായ 187 പേരെ അറസ്റ്റ് ചെയ്തതായും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ വിവിധ രാജ്യങ്ങളുമായി ചേര്‍ന്നുളള സംയോജിത സമീപനത്തെയാണ് ഈ നടപടി ചൂണ്ടികാട്ടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടു.

കളളപ്പണം വെളുപ്പിക്കലിനും തീവ്രവാദത്തിന് ധനസാഹായം നല്‍കുന്നതിനുമെതിരെ ശക്തമായ പോരാട്ടമാണ് യുഎഇ നടത്തി വരുന്നത്. കളളപ്പണ ഇടപാടുകള്‍ പൂ‍ർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുളള നടപടികളാണ് ഏറെ നാളായി രാജ്യം സ്വീകരിച്ച് പോരുന്നത്. കളളപ്പണ ഇടപാടുകള്‍ കണ്ടെത്തുന്നതിനായി ലോക ബാങ്കുമായി സഹകരിച്ച് പ്രത്യേക പദ്ധതിക്കും യുഎഇ രൂപം നല്‍കിയിട്ടുണ്ട്.

യുഎഇയില്‍ അനധികൃതമായി പണമിടപാട് നടത്തി വന്ന നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ ലൈസന്‍സ് യുഎഇ ഭരണകൂടം റദ്ദാക്കിയിരുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്ക് അനുശാസിക്കുന്ന നിയമം ലഘിച്ചാല്‍ സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ കടുത്ത നടപടി നേരിടണ്ടി വരുമെന്ന് വിവിധ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് അടുത്തിടെ ഭരണകൂടം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version