Gulf

ഗാസയ്ക്ക് വേണ്ടി ഹറമുകളില്‍ പരസ്യമായി പ്രാര്‍ത്ഥിച്ചതിന് രണ്ടു പേര്‍ സൗദി അറേബ്യയില്‍ കസ്റ്റഡിയില്‍

Published

on

ജിദ്ദ: തീര്‍ത്ഥാടന വേളയില്‍ പലസ്തീനിലെ ഗാസയ്ക്ക് വേണ്ടി മക്കയിലും മദീനയിലും വച്ച് പരസ്യമായി പ്രാര്‍ത്ഥിച്ചതിന് രണ്ടു പേരെ ഈയാഴ്ച സൗദി പോലീസ് കസ്റ്റഡിയിലെടുത്തു. അള്‍ജീരിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ രണ്ട് പണ്ഡിതന്‍മാരെയാണ് പിടികൂടിയത്. പിന്നീട് വിട്ടയക്കപ്പെട്ട ഷെയ്ഖുമാര്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

അള്‍ജീരിയന്‍ വംശജനായ ഒരു ഷെയ്ഖിനെ സൗദി അറേബ്യയിലെ മദീനയില്‍ വെച്ച് പലസ്തീനിനും അവിടുത്തെ ജനങ്ങള്‍ക്കും വേണ്ടി പരസ്യമായി പ്രാര്‍ത്ഥിച്ചതിനാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സൗദി പോലീസ് തന്നെ ആറ് മണിക്കൂര്‍ തടവിലാക്കിയതായി ഷെയ്ഖ് ആരോപിച്ചു. ദുരനുഭവം വിവരിക്കുന്ന വീഡിയോ ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വ്യാപകമായി പ്രചരിച്ചു.

ഉച്ചത്തില്‍ പ്രാര്‍ത്ഥന നടത്തിയിട്ടില്ലെന്നും രണ്ട് വിശുദ്ധ മസ്ജിദുകളുടെ നാട്ടില്‍ പലസ്തീനികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച കാര്യം ആളുകളുമായി പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും ഇദ്ദേഹം വീഡിയോയില്‍ വാദിച്ചു. പ്രവാചകന്റെ നഗരത്തില്‍ തന്നെ തടവിലാക്കിയത് ബഹുമതിയായി കരുതുന്നുവെന്ന് പറഞ്ഞ ഇദ്ദേഹം ആശുപത്രികളും മസ്ജിദുകളും നശിപ്പിക്കപ്പെടുമ്പോള്‍ ദുര്‍ബലര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത് കുറ്റമാണോയെന്നും വീഡിയോയില്‍ ചോദിക്കുന്നുണ്ട്. കൊച്ചുകുട്ടികളെ കൊല്ലുകയും കശാപ്പ് ചെയ്യുകയും ചെയ്തു. നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമല്ലേ? ഏറ്റവും മാന്യമായ സ്ഥലങ്ങളില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഇത് അപകടകരമാണോ? എന്നും ചോദിക്കുന്നു.

പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഷെയ്ഖിന്റെ ഫോണ്‍ കണ്ടുകെട്ടാനും മദീനയിലെ വിശുദ്ധ മസ്ജിദിലെ ഗൈഡന്‍സ് ഓഫീസിലേക്ക് ബോധവത്കരണത്തിന് റഫര്‍ ചെയ്യാനും വിധി വന്നു.

ഉംറ നിര്‍വഹിക്കുന്നതിനിടെ പലസ്തീനിനു വേണ്ടി ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചതിനാണ് തുര്‍ക്കി ഷെയ്ഖ് മുസ്തഫ എവി മക്കയില്‍ ഹറമൈന്‍ പോലീസിന്റെ പിടിയിലായത്. ഗാസ, പലസ്തീന്‍ എന്നീ വാക്കുകള്‍ പരാമര്‍ശിച്ചതിന്റെ പേരിലാണ് തന്നെ ഇപ്പോള്‍ മക്കയില്‍ അറസ്റ്റ് ചെയ്‌തെന്നും ഷെയ്ഖ് മുസ്തഫ ഒരു വീഡിയോയില്‍ പറയുന്നു.

പലസ്തീനിയന്‍ കെഫിയ (കറുപ്പും വെള്ളയും നിറത്തിലുള്ള സ്‌കാര്‍ഫ്) ധരിച്ചതിന് മക്കയില്‍ ഒന്നര മണിക്കൂര്‍ തടങ്കലില്‍ കഴിയേണ്ടിവന്നതായി ബ്രിട്ടീഷ്-ബംഗ്ലാദേശി ചലച്ചിത്ര സംവിധായകനും നടനും ഗായകനും തിരക്കഥാകൃത്തുമായ ഇസ്‌ലാഹ് അബ്ദുറഹ്മാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടു. കഴിഞ്ഞ ഒക്‌ടോബര്‍ 31നാണ് സംഭവം. ഫലസ്തീന്‍ സ്‌കാര്‍ഫും അവിടുത്തെ പതാകയുടെ നിറത്തിലുള്ള മുത്തുമാലയും സൗദി പോലീസ് പിടിച്ചെടുത്തുവെന്നും രേഖകള്‍ പരിശോധിക്കുകയും ചോദ്യംചെയ്യുകയും ചെയ്ത ശേഷം വിട്ടയച്ചെന്നും ഇസ്‌ലാഹ് പറയുന്നു. സ്‌കാര്‍ഫും ആഭരണവും ജറുസലേമില്‍ നിന്ന് കൊണ്ടുവന്ന തന്റെ അമ്മായിയുടെ സമ്മാനങ്ങളാണെന്നും പലസ്തീന്‍ ജനതയ്ക്ക് എങ്ങനെ ശബ്ദമില്ലാതായെന്നതിന്റെ യാഥാര്‍ത്ഥ്യം ഇതാണെന്നും വീഡിയോയില്‍ പറയുന്നു.

മറ്റ് രാജ്യങ്ങളുടെ പതാകകള്‍ സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനമുണ്ട്. മക്കയിലും മദീനയിലും ഉള്‍പ്പെടെ പലസ്തീനികള്‍ക്ക് വേണ്ടി രാജ്യത്ത് എവിടെയും പരസ്യമായി പ്രാര്‍ത്ഥിക്കുന്നതിനും വിലക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version