Sports

ബ്ലാസ്റ്റേഴ്സിന്റെ രണ്ട് സൂപ്പർ താരങ്ങൾ ആ കിടിലൻ ടീമിൽ, പരിശീലകനായി ഇവാൻ വുകോമനോവിച്ച്; ഐഎസ്‌എൽ പോയ ആഴ്ചയിലെ മികച്ച ടീം ഇങ്ങനെ

Published

on

ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ആരാധകർക്ക് ആവേശ വാർത്ത. 2023 – 2024 സീസണിൽ 16 -ാം ആഴ്ചയിലെ മികച്ച ഇലവനെ പ്രഖ്യാപിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മൂന്ന് പ്രതിനിധികൾ ഉൾപ്പെട്ടു. 16 -ാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് എഫ് സി ഗോവയെ തകർത്തിരുന്നു. രണ്ട് ഗോളിനു പിന്നിൽ ആദ്യ പകുതി അവസാനിപ്പച്ച ശേഷം രണ്ടാം പകുതിയിൽ നാല് ഗോൾ തിരിച്ച് അടിച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ആവേശ ജയം.

51 -ാം മിനിറ്റിൽ ജാപ്പനീസ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ ഡൈസുകെ സകായ് നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പോരാട്ടത്തിലേക്ക് മടങ്ങി എത്തിയത്. തുടർന്ന് ഗ്രീക്ക് സെന്‍റർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്‍റകോസ് ( 81 -ാം മിനിറ്റിൽ പെനാൽറ്റി, 84 -ാം മിനിറ്റ് ) ഇരട്ട ഗോളിലൂടെ കൊമ്പന്മാർ എന്നറിയപ്പെടുന്ന കൊച്ചി ടീമിനെ മുന്നിൽ എത്തിച്ചു. 88 -ാം മിനിറ്റിൽ ഫെഡോർ ചെർണിച്ച് ബ്ലാസ്റ്റേഴ്സിനായി നാലാം ഗോളും സ്വന്തമാക്കി. ഈ മിന്നുന്ന പ്രകടനമാണ് രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ 16 -ാം ആഴ്ചയിലെ മികച്ച ഐ എസ് എൽ ഇലവനിൽ ഉൾപ്പെടുത്തിയത്.

ഡൈസുകെ സകായ്, ദിമിത്രിയോസ് ഡയമാന്‍റകോസ് എന്നിവരാണ് 16 -ാം ആഴ്ചയിലെ ഐ എസ് എൽ മികച്ച ഇലവനിൽ ഉൾപ്പെട്ട ബ്ലാസ്റ്റേഴ്സ് കളിക്കാർ. ടീമിന്‍റെ ക്യാപ്റ്റനും ഡയമാന്‍റകോസ് ആണ്. ഐ എസ് എൽ 2023 – 2024 സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ഡയമാന്‍റകോസ്. ഈ സീസണിൽ 13 മത്സരങ്ങളിൽ 10 ഗോളും മൂന്ന് അസിസ്റ്റും ഈ ഗ്രീക്ക് താരത്തിനുണ്ട്. 11 ഗോൾ നേടിയ ഒഡീഷ എഫ് സിയുടെ റോയ് കൃഷ്ണയാണ് 2023 – 2024 സീസൺ ഐ എസ് എല്ലിൽ നിലവിലെ ടോപ് സ്കോറർ.

16 മത്സരങ്ങളിൽ നിന്ന് 29 പോയിന്‍റുമായി നാലാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത എതിരാളി ബംഗളൂരു എഫ് സിയാണ്. മാർച്ച് രണ്ടിന് ബംഗളൂരുവിലാണ് അവർക്ക് എതിരായ മത്സരം. 2022 – 2023 പ്ലേ ഓഫിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ടീം മൈതാനം വിട്ടശേഷം തിരിച്ച് അതേ മൈതാനത്ത് എത്തുന്ന മത്സരം കൂടിയാണ് മാർച്ച് രണ്ടിന് രാത്രി 7.30 ന് അരങ്ങേറുക എന്നതാണ് ശ്രദ്ധേയം.

16 -ാം ആഴ്ചയിലെ മികച്ച ടീം: ഗോൾ കീപ്പർ – മിർഷാദ് മിച്ചു (നോർത്ത് ഈസ്റ്റ്). പ്രതിരോധം – പ്രൊവത് ലക്ര (ജംഷഡ്പുർ), അഷീർ അക്തർ (നോർത്ത് ഈസ്റ്റ്), സുബാശിഷ് ബോസ് (ബഗാൻ). മധ്യനിര – ഹാവി ഹെർണാണ്ടസ് (ബംഗളൂരു), ജെറേമി മൻസൂറൊ (ജംഷഡ്പുർ), ദീപക് താൻഗി (ബഗാൻ), ആൽബെർട്ടോ നൊഗ്വേര (മുംബൈ). മുന്നേറ്റം – ബിപിൻ സിംഗ് (മുംബൈ), ദിമിത്രിയോസ് ഡയമാന്‍റകോസ് (ക്യാപ്റ്റൻ, ബ്ലാസ്റ്റേഴ്സ്), ഡൈസുകെ സകായ് (ബ്ലാസ്റ്റേഴ്സ്). പരിശീലകൻ – ഇവാൻ വുകോമനോവിച്ച് (കേരള ബ്ലാസ്റ്റേഴ്സ്).

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version