ചെന്നൈ: ദക്ഷിണേന്ത്യൻ ഐടി ഹബ്ബുകളായ ബെംഗളൂരുവിനേയും ചെന്നൈയേയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ജനുവരിയോടെയോ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇതോടെ ഇരുമെട്രോ നഗരങ്ങളും തമ്മിലുള്ള യാത്രാസമയം മൂന്ന് മണിക്കൂറോളം കുറയുമെന്നാണ് വിലയിരുത്തൽ.
അതിന് പുറമെ, രാജ്യത്തുടനീളം വൻ തോതിലുള്ള അടിസ്ഥാന സൗകര്യവികസനങ്ങൾ നടന്നുവരികയാണെന്നും വൈകാതെ തന്നെ ചെന്നൈയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന നിയന്ത്രിതമായ പ്രവേശനങ്ങളുള്ള ഹൈവെയുടെ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. 17,000 കോടി രൂപ ചെലവിട്ടാണ് 285.3 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി അതിവേഗപാത യാഥാർഥ്യമാക്കുന്നത്.
ചെന്നൈയിലെ ദേശീയപാത പദ്ധതികളേക്കുറിച്ച് താൻ ഇന്ന് വീണ്ടും പരിശോധിച്ചു. ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഈ വർഷം അവസാനത്തോടെയോ ജനവരി ആദ്യത്തോടെയോ തുറക്കും. അതിനാൽ തന്നെ ആഡംബര ബസുകളും സ്ലീപ്പർ കോച്ചുകളും നിങ്ങൾക്ക് പുറത്തിറക്കാം. ഗതാഗതമന്ത്രി പറഞ്ഞു. ചെന്നൈയിൽ അശോക് ലൈലാൻഡിന്റെ 75ാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ പുതിയ നല്ല റോഡുകൾ ഉണ്ടാക്കുന്നു. ഞങ്ങൾ സൂറത്ത്, നാസിക്, അഹമ്മദ്നഗർ, കർണൂൽ വഴി ചെന്നൈയേയും ഡൽഹിയേയും ബന്ധിപ്പിക്കുന്നു. അതിന് ശേഷം ഈ പാത കന്യാകുമാരി, തിരുവനന്തപുരം കൊച്ചി, ബെംഗളൂരു, ഹൈൈദരാബാദ് എന്നിവിടങ്ങളിലേക്കും ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിയന്ത്രിത പ്രവേശനത്തോടുകൂടിയ ദേശീയ പാതയായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയേയും ജെയ്പൂരിനേയും ബന്ധിപ്പിക്കുന്ന ഒരു ഇലക്ട്രിക് കേബിൾ ഹൈവേ നിർമിക്കുന്നതിന്റെ ഒരുക്കതത്തിലാണ് അദ്ദേഹത്തിന്റെ മന്ത്രാലയം.
അശോക് ലൈലാൻഡും മറ്റ് വാഹനനിർമാതാക്കളേയും ജൈവ ഇന്ധനങ്ങളോ ഇലക്ട്രോണിക് വാഹനങ്ങൾ പോലുള്ള ബദൽ ഊർജമാർഗങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ വലിയ രീതിയിൽ നിർമ്മിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അതിലൂടെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കാൻ കേന്ദ്രത്തെ സഹായിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.